”ശബരിമല വിഷയത്തില്‍ കേസുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി; അതിന് സര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല; തെറ്റ് ചെയ്താല്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും; ഇത് കേരളമാണ്”: മോദിക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം: ശബരിമല വിഷയത്തെകുറിച്ച് കേരളത്തിലുള്ളവര്‍ക്ക് അറിയാമെന്നതിനാലാണ് സംസ്ഥാനത്തിന് പുറത്ത് പോയി പ്രധാനമന്ത്രി പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അക്രമത്തെ സത്പ്രവര്‍ത്തിയായി കാണുന്നവരാണ് സംഘപരിവാറുകാര്‍. ശബരിമലയില്‍ ഭക്തരെ തടഞ്ഞതുള്‍പ്പടെയുളള അക്രമങ്ങള്‍ ആര്‍എസ്എസ് സത്പ്രവര്‍ത്തിയായി കാണുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കാട്ടാക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് വര്‍ഗീയതയിലൂടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ആര്‍എസ്എസ്. കോണ്‍ഗ്രസിനാകട്ടെ വര്‍ഗീയതയുമായി സമരസപെട്ടു പോകാനാണിഷ്ടം. നിലവില്‍ ബിജെപിയില്‍ ഉള്ളത് കോണ്‍ഗ്രസ്‌കാര്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെപ്പറ്റി മറ്റിടങ്ങളില്‍ തെറ്റായ കാര്യങ്ങളാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ കേസ് ഉള്ളവരെയാണ് അറസ്റ്റ് ചെയ്തത്. അതിന് സര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല.

ഇക്കാര്യങ്ങള്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് അറിയാമെന്നതിനാലാണ് ഇക്കാര്യങ്ങള്‍ ഇവിടെ പറയാതെ സംസ്ഥാനത്തിന് പുറത്ത് പോയി പ്രധാനമന്ത്രി പറയുന്നതെന്നും തെറ്റ് ചെയ്താല്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. ഇത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത കോടതി പറയുന്നതെ ഏതൊരു സംസ്ഥാന സര്‍ക്കാരിനും ചെയ്യാന്‍ കഴിയൂ. ശബരിമലയില്‍ വേണ്ട വികസനത്തിനായുള്ള നടപടി ആരംഭിച്ചു. ശബരിമലയിലെ അക്രമത്തിലൂടെ കലാപമുണ്ടാക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം എന്നാല്‍ എത് വിലപ്പോയില്ല.

രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് കേന്ദ്രവും വിവിധ ഏജന്‍സികളും വിലയിരുത്തിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here