ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടാകാത്തതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.

‘നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോ’യെന്ന് സുപ്രീംകോടതി കമ്മീഷനോട് ചോദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി മായാവതി തുടങ്ങിയവരുടെ പ്രസംഗത്തെ സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ വിമര്‍ശനം.

പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങള്‍ക്ക് അധികാരമുള്ളുവെന്നും അവരെ അയോഗ്യരാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമുള്ള നിലപാടാണ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചത്. ആവര്‍ത്തിച്ചു കുറ്റം ചെയ്താലേ നടപടി പറ്റൂബ കമ്മീഷന്‍ വാദിച്ചു.

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിന് ഉദ്യോഗസ്ഥര്‍ നാളെ കോടതിയില്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പി എം മോദി എന്ന സിനിമ കണ്ട ശേഷം ചട്ടലംഘനമുണ്ടോ എന്നതില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഈ സിനിമയടക്കം രാഷ്ട്രീയ നേതാക്കളുടെ ജീവിതം പറയുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഈ സിനിമ റിലീസ് ചെയ്യുന്നത് കമ്മീഷന്‍ വിലക്കിയിരുന്നു.

ഇതിനെതിരെ പി.എം.മോദി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.