ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങില്‍ ത്രിപുരയിലും പശ്ചിമ ബംഗാളിലും വന്‍ കൃത്രിമം നടന്നെന്ന് സിപിഎം(എം) വെസ്റ്റ് ത്രിപുരയില്‍ അട്ടിമറി നടന്ന 464 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ തെരഞ്ഞെടുപ്പ് കമ്മീഷന് യെച്ചൂരി പരാതി നല്‍കി.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വെസ്റ്റ് ത്രിപുരയിയും, പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.

എന്നാല്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് സിപിഐ(എം) വ്യക്തമാക്കി. പല ബൂത്തുകളിലും അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷയോ സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല.

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും, വോട്ട് ചെയ്യാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച് തിരിച്ചയക്കുകയും ചെയ്തു.

ഇതിന് പുറമേ ബൂത്ത് ഏജന്റുമാരെ പോളിംഗ് ബൂത്തില്‍ പ്രവേശിക്കാനും സമ്മതിക്കാത്ത സാഹചര്യവും ഉണ്ടായി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഐ(എം) ജനറല്‍ സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വെസ്റ്റ് ത്രിപുരയില്‍ കൃത്രിമം നടന്ന 464 ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന് കമ്മീഷനോട് സിപിഐ(എം) ആവശ്യപ്പെട്ടു.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുന്നെ പ്രശ്‌നബാധിക പ്രദേശങ്ങളിലും ബൂത്തുകളിലും സുരക്ഷ സേനയെ ഉറപ്പാക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഇത്തരത്തിലാണ് തുടരുന്നുതെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തന്നെ വിശ്വാസ്യത നഷ്ടമാകുമെന്നും, അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി