ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വന്‍ വിജയമായി.

യുഎസിലെ കലിഫോര്‍ണിയയിലുള്ള മൊഹാവി മരുഭൂമിക്കുമീതേ ആജാനബാഹുവായ ‘റോക്ക് പറന്നുയര്‍ന്നു.

പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് റോക്ക് എന്നു പേരിട്ടിരിക്കുന്ന വിമാനം പറന്നു പൊങ്ങിയത്. മണിക്കൂറില്‍ 304 കിലോമീറ്റര്‍ വേഗതയില്‍ 17000 അടി ഉയരത്തില്‍ പറന്നാണു സ്ട്രാറ്റോലോഞ്ചിന്റെ ഈ പടുകൂറ്റന്‍ വിമാനം ചരിത്രം കുറിച്ചത്.

രണ്ടര മണിക്കൂര്‍ അന്തരീക്ഷത്തില്‍ പറന്ന ശേഷം മൊഹാവി എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. റോക്കറ്റുകള്‍ക്കുള്ള ‘പറക്കുന്ന വിക്ഷേപണത്തറ’യായി രൂപകല്‍പന ചെയ്തിരിക്കുന്ന വിമാനം അടുത്തവര്‍ഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പ്രഖ്യാപിച്ചിരിക്കുന്നത്.

 

2 ഫ്യൂസലേജുള്ള വിമാനത്തില്‍ 6 ബോയിങ് 747 എന്‍ജിനുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വിരിഞ്ഞ ചിറകളവ് കണക്കാക്കിയാണ് സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് രൂപം നല്‍കിയ ‘റോക്ക് ലോകത്തിലെ ഏറ്റവും വലിയ വിമാനമാകുന്നത്.

117 മീറ്റര്‍ അതായത് ഒരു വലിയ ഫുട്‌ബോള്‍ മൈതാനത്തേക്കാളും വലുപ്പമുണ്ട് റോക്കിന്. ഒരു എയര്‍ബസ് എ 380 വിമാനത്തിന്റെ ചിറകളവിന്റെ രണ്ടിരട്ടിയോളം വരും റോക്കിന്റെ ഏകദേശ വലിപ്പം. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന്റെ ‘സ്വപ്നവിമാനപദ്ധതി’യാണ് വിമാന ഭീമനായ റോക്ക്.’