കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യം. സ്ത്രീകള്‍ കഴിവില്ലാത്തവരാണെന്ന പരസ്യത്തിന്റെ ഉള്ളടക്കം വിവാദമാകുന്നു.

ബിജെപിയിലേക്ക് പോകില്ലെന്ന പരസ്യത്തിന് ശേഷമാണ് കെ സുധാകരന്റെ വിവാദ പരസ്യം. പുരുഷന്‍ ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ സാധിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ത്രീ ആയത് കൊണ്ടും പികെ ശ്രീമതി ടീച്ചര്‍ക്ക് സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലെ സ്വാധീനം കണ്ടുമാണ് സ്ത്രീവിരുദ്ധ പരസ്യമെന്ന് എംവി ജയരാജന്‍ പറഞ്ഞു.

സുധാകരനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

സുധാകരന്‍ മുമ്പും നിരവധി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമാണ് എന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയേണ്ടി വന്നു. ആര്‍ത്തവം ആശുദ്ധിയാണ് എന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.

പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.