കൈരളി ടിവി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല മെഗാ ഷോയില്‍ ഏറെ ശ്രദ്ധേയമായത് ഭിന്നശേഷിക്കരായ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയാണ്.

വിധിയുടെ വൈപരീത്യങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന ആത്മവിശ്വാസവുമായാണ് ആ കുട്ടികള്‍ ഇശല്‍ ലൈല വേദിയില്‍ എത്തിയത്.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കേണ്ടവരല്ല, മറിച്ച് തങ്ങളുടെ ഉള്ളിലെ പ്രതിഭയെ മിനുക്കി എടുക്കുക എന്ന് നിശ്ചയദാര്‍ഢ്യം കൂടിയാണ് ഈ കുട്ടികള്‍ പ്രകടിപ്പിച്ചത്.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ചലച്ചിത്രരംഗത്തെ വലിയൊരു താരനിരയുടെ സാന്നിധ്യത്തിലാണ് ഈ കുട്ടികള്‍ അരങ്ങിലെത്തിയത്. ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് അവര്‍ ഫാഷന്‍ ഷോ അവതരിപ്പിച്ചത്.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്ന യുഎഇയിലെ ഹെവന്‍ലി ഏഞ്ചല്‍സ് എന്ന കൂട്ടായ്മയാണ് ഇശല്‍ ലൈലയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത്.