കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മനുവിനെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയോടുള്ള വൈരാഗ്യമാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 14 ന് രാത്രി 7.40നാണ് സംഭവം. പനമ്പള്ളി നഗറിനു സമീപം സ്‌ക്കൂട്ടറില്‍ വരികയായിരുന്ന പെണ്‍കുട്ടികളെ, ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് തടഞ്ഞു നിര്‍ത്തി ഇവര്‍ക്ക് നേരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ തന്ത്രപരമായി വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ ദീര്‍ഘ നാള്‍ അടുപ്പത്തിലായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ തെറ്റിയതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മനുവിന്റെ അകന്ന ബന്ധുവാണ് പെണ്‍കുട്ടി. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു.എന്നാല്‍ അതിനിടെ സംശയത്തിന്റെ കാരണം പറഞ്ഞ് ഇരുവരും തെറ്റി.

പിന്നീട് മനു അബുദാബിയിലേയ്ക്ക് പോയി.ഇതിനിടെ വീണ്ടും നാട്ടില്‍ വന്ന് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല.

തുടര്‍ന്ന് വീണ്ടും വിദേശത്ത് പോയ മനു കഴിഞ്ഞ 11 ന് ആരെയും അറിയിക്കാതെ തിരുവനന്തപുരത്ത് വന്നു.തുടര്‍ന്ന് ബസ്സില്‍ കോയമ്പത്തൂര് എത്തി.

അവിടെ നിന്നും ബൈക്ക് വാടകയ്ക്ക് എടുത്ത് കൊച്ചിയില്‍ എത്തുകയും 13 ന് പെണ്‍കുട്ടിക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുകയും ചെയ്തു.

എന്നാല്‍ അന്ന് നടന്നില്ല. ഇതെ തുടര്‍ന്ന് കൊച്ചിയില്‍ റൂമെടുത്ത് താമസിച്ച പ്രതി പിറ്റേന്നാണ് വധശ്രമം നടത്തുന്നത്. ഇതിനു ശേഷം ഇവിടെത്തന്നെ തങ്ങിയ പ്രതി പിറ്റേന്ന് കോയമ്പത്തൂരെത്തി ബൈക്ക് തിരിച്ച് കൊടുക്കുകയും അവിടെ നിന്ന് ബാംഗ്ലൂരിലേയ്ക്കും പിന്നീട് വിദേശത്തേയ്ക്കും കടക്കുകയായിരുന്നു.സംഭവത്തിനു ശേഷം 12 സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയത്.

യുവതിയുടെ പരിചയക്കാരുള്‍പ്പടെ 200 പേരില്‍ നിന്ന് മൊഴിയെടുത്തു. 1200 ഓളം ഫോണ്‍ രേഖകളും 100 ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.പ്രതി ആരാണെന്ന് പെട്ടന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ വിദേശത്തായതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പിന്നീട് പോലീസ് തന്ത്രപരമായി മനുവിനെ വിളിച്ചു വരുത്തി അറസ്റ്റ്ചെ യ്യുകയായിരുന്നു.ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മനുവിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News