ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഒഴിച്ച് മുഴുവന്‍ മണ്ഡങ്ങളും, കര്‍ണാടകയിലെ 14 മണ്ഡലങ്ങളും നാളെ വിധിയെഴുതും.

ഉത്തരേന്ത്യയിലെ 43 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും 12 കോടിയോളം രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജമ്മുകശ്മീര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ഒഡീഷ,മണിപ്പൂര്‍, ത്രിപുര, പശ്ചിമബംഗാള്‍, ബിഹാര്‍, എന്നവയ്ക്ക് പുറമേ പുതുച്ചേരിയിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.

അസാം, ബിഹാര്‍, ഒഢീഷ എന്നീ സംസ്ഥാനങ്ങലില്‍ 5 മണ്ഡലങ്ങളില്‍ വീതമാണ് വോട്ടെടുപ്പ്. 2014ല്‍ എന്‍ഡിഎയ്ക്ക് 31 സീറ്റും, യുപിഎക്ക് 16 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്.

എന്നാല്‍ ഇത്തവണ 97 മണ്ഡലങ്ങളില്‍ കര്‍ണാടക മാത്രമാണ് എന്‍ഡിഎയ്ക്ക് കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനം. അസമില്‍ കരിംഗഞ്ച് മണ്ഡലം ഒഴിച്ച് മറ്റ് നാല് മണ്ഡലങ്ങലിലും പോരാട്ടം നടക്കുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. സില്‍ഛറില്‍ സിറ്റിംഗ് എംപിയും, കോണ്‍ഗ്രസ് നേതാവുമായ സുസ്മിത ദേവാണ് മത്സരിക്കുന്നത്.

അതേസമയം കരിംഗഞ്ചില്‍ കോണ്‍ഗ്രസ്, ബിജെപി, എഐയുഡിഎഫ് എന്നിവരുടെ ശക്തമായ ത്രികോണമത്സരവുമാണ്. പൗരത്വബില്‍ തന്നെയാണ് അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനന വിഷയം. ത്രിപുര ഈസ്റ്റിലും, പശ്ചിമബംഗാളിലെ 3 മണ്ഡലങ്ങളിലും വോട്ടെടുപ്പുണ്ട്.

ത്രിപുരയിലും പശ്ചിമബംഗാളിലും ആദ്യ ഘട്ട വോട്ടെടുപ്പില്‍ വ്യാപക അട്ടിമറി നടന്നെന്ന് ആരോപണവും ശക്തമാണ്. ത്രിപുരയിലെ 464 മണ്ഡലങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് സിപിഐ(എം) തന്നെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്ന 8 മണ്ഡലങ്ങള്‍ ബിഎസ്പി നേതാവ് മായാവതിക്ക് നിര്‍ണായകമാണ്.

ദളിത്, മുസ്ലീം, ഗുജ്ജര്‍, ജാട്ട് വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളാണ് ഈ എട്ടെണ്ണവും. ബിഎസ്പി, എസപി സഖ്യം ബിജെപിക്ക് ഉയര്‍ത്തുന്നത് കനത്ത വെല്ലുവിളി കൂടിയാണ്.കര്‍ണാടകയില്‍ മികച്ച വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം.

എന്നാല്‍ കോണ്‍ഗ്രസുമായി അവസാന നിമിഷം സഖ്യം രൂപീകരിച്ചതും. സഖ്യമുണ്ടാക്കിയതില്‍ ജെഡിഎസിനകത്തുള്ള അസ്വാരസ്യവും ബിജെപിക്ക് ഗുണം ചെയ്യാനാണ് സാധ്യതകള്‍.

അതേ സമയം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഒഴിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും 12 കോടിയോളം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്