ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും കടന്നാക്രമണവും കോണ്‍ഗ്രസിന്റെ മൗനവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോഡിമുതല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളവരെയുള്ളവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തുന്നത്.

എന്നാല്‍, ഇതിനെതിരെ കടന്നാക്രമണത്തിന് മുതിരാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞുമാറിയത് മതേതര സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി.

മോഡിക്ക് തിരിച്ചടി നല്‍കിയ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫിന്റെയും നിലപാടാണ് ന്യൂനപക്ഷങ്ങള്‍ക്ക് വലിയതോതില്‍ പ്രത്യാശ പകരുന്നത്.

ആര്‍എസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂവെന്ന തിരിച്ചറിവാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയിലുള്ളത്.

മൃദുഹിന്ദുത്വമുഖം വീണ്ടും

കേരളത്തിലെ നാലു കേന്ദ്രത്തില്‍ ചൊവ്വാഴ്ച പ്രചാരണയോഗങ്ങളില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ മോഡിയുടെയും അമിത് ഷായുടെയും ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

പത്തനംതിട്ടയില്‍ പ്രസംഗവേളയില്‍ മോഡിയുടെ പാതയിലേക്കുള്ള രാഹുലിന്റെ ചാഞ്ചാട്ടവും കാണാനായി. ശബരിമലയുടെ പേര് പറഞ്ഞില്ലെങ്കിലും വിശ്വാസപ്രശ്‌നം ഉന്നയിച്ച് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വമുഖം രാഹുല്‍ പുറത്തെടുത്തു. ശബരിമലയില്‍ യുവതീപ്രവേശ വിധി വന്നപ്പോള്‍ ചരിത്രപരമായ വിധി എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് താന്‍ അനുകൂലമാണെന്നാണ് രാഹുല്‍ ഗാന്ധി അന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയും നിലപാട് വ്യക്തമാക്കി. രാഹുലിന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ചൊവ്വാഴ്ച പത്തനംതിട്ടയില്‍ രാഹുല്‍ ഇക്കാര്യം ബോധപൂര്‍വം വിസ്മരിച്ചു. ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്.

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുപോറലുമുണ്ടായിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കാതെ സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രമാണ് രാഹുല്‍ പുറത്തെടുത്തത്.

ലീഗ് പതാക: മറുപടി പ്രതീക്ഷിച്ച അണികളും നിരാശര്‍

വയനാടിനെ പാകിസ്ഥാനോടും മുസ്ലിംലീഗിന്റെ പതാകയെ പാക്പതാകയോടും ഉപമിച്ച അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും രാഹുലില്‍നിന്ന് മറുപടിയുണ്ടാകുമെന്ന് പ്രതീക്ഷ പുലര്‍ത്തിയിരുന്നവര്‍ ഏറെയാണ്.
മുസ്ലിംലീഗ് നേതൃത്വവും അണികളും ആ കണക്കുകൂട്ടലില്‍ത്തന്നെയാണ് രാഹുലിനെ കാതോര്‍ത്തത്. പക്ഷേ, ഇതു സംബന്ധിച്ച് നാല് യോഗങ്ങളിലും രാഹുല്‍ മൗനംപാലിച്ചതേയുള്ളൂ. ബുധനാഴ്ച വയനാട്ടില്‍ നടത്തുന്ന പ്രചാരണവേളയില്‍ ഇക്കാര്യം പരാമര്‍ശിക്കുമോയെന്നും കാണാനിരിക്കുന്നതേയുള്ളൂ.

മോഡിയെയും ബിജെപിയെയും നേരിടാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന സംയമനമാണ് ന്യൂനപക്ഷങ്ങളില്‍ ആശങ്കയുളവാക്കിയിരിക്കുന്നത്.

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പൊതിഞ്ഞുപിടിച്ചുള്ള രാഷ്ട്രീയ വിമര്‍ശംമാത്രമാണ് രാഹുല്‍ ഗാന്ധിയും നടത്തുന്നത്. അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കെതിരായി ബിജെപി നേതാക്കള്‍ നടത്തുന്ന കടുത്ത പരാമര്‍ശങ്ങളോട് കണിശമായി പ്രതികരിക്കുന്നത് ഇടതുപക്ഷ നേതൃത്വംമാത്രമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കളുടെ നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആത്മിവിശ്വാസം പകരുകയും ചെയ്യുന്നു. പ്രതിസന്ധിഘട്ടത്തില്‍ തങ്ങളുടെ സംരക്ഷണത്തിന് ഇടതുപക്ഷംമാത്രം എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ പങ്കുവയ്ക്കുന്നത്.