പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞുഹൃദയം ഇനിയും സ്പന്ദിക്കണമെന്ന ആഗ്രഹം നാടിനൊപ്പം സര്‍ക്കാരും നെഞ്ചേറ്റിയപ്പോള്‍ വഴിയിലെ തടസങ്ങളെല്ലാം മാറി.

ജന്മനാ ഹൃദയതകരാറുള്ള കുഞ്ഞുമായി മംഗളൂരുവില്‍നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് അഞ്ചരമണിക്കൂറിനുള്ളില്‍ ആംബുലന്‍സ് പറന്നെത്തി.

453 കിലോമീറ്റര്‍ ദൂരം താണ്ടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് വിദ്യാനഗര്‍ പാറക്കട്ടയിലെ മിഷ്ത്താഹ്– ഷാനിയ ദമ്പതികളുടെ പെണ്‍കുഞ്ഞിനെയും കൊണ്ടാണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്.

പകല്‍ 11.15ഓടെ മംഗളൂരുവില്‍നിന്ന് പുറപ്പെട്ട കെഎല്‍ 60 ജെ 7739 നമ്പര്‍ ആംബുലന്‍സ് വൈകിട്ട് 4.30ഓടെ അമൃതയിലെത്തി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ പെട്രോള്‍ നിറയ്ക്കാന്‍ 10 മിനിറ്റ് ചെലവഴിച്ചതൊഴിച്ചാല്‍ സമയനഷ്ടമുണ്ടായിട്ടില്ല.

ഉദുമ മുക്കുന്നോത്തെ ഹസനാണ് ആംബുലന്‍സ് ഓടിച്ചത്. ഇതിനുമുമ്പും ഹസന്‍ ഇതുപോലുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.

ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
കുട്ടിയുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമയനഷ്ടമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ കുട്ടിയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന്റെ യാത്ര സുഗമമാക്കാന്‍ രാവിലെ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജനങ്ങളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരങ്ങള്‍ ഷെയര്‍ ചെയ്തു.

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. നവമാധ്യമങ്ങളില്‍നിന്ന് വിവിരമറിഞ്ഞയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് ആംബുലന്‍സിന് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ആരോഗ്യമന്ത്രിയുടെ ഓഫീസ് കുട്ടിയുമായി വരുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം, ആംബുലന്‍സ് സ്റ്റാഫ് എന്നിവരുമായും ബന്ധപ്പെട്ടു.

തുടര്‍ന്ന് കുട്ടിയെ കൊഴിക്കോട് മിംസില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവിടം പിന്നിട്ടതിനാല്‍ മന്ത്രി കെ കെ ശൈലജ നേരിട്ട് കുട്ടിയുടെ ബന്ധുക്കളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമുമായി ബന്ധപ്പെട്ട് കുട്ടിയെ അമൃത ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രിയിലെ ഡോ. ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവരുമായി സംസാരിച്ച് ചികിത്സ ആശുപത്രിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തി. കുട്ടിയെ ശ്രീചിത്രയില്‍ത്തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിര്‍ബന്ധം പുലര്‍ത്തിയത് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചതിനാല്‍ കുട്ടിയെ അമൃതയില്‍ത്തന്നെ പ്രവേശിപ്പിച്ചു.

നില അതീവ ഗുരുതരം

കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അമൃത ആശുപത്രിയിലെ ഡോ. ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരവും വാല്‍വിന് തകരാറുമുണ്ട്. 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷമേ ശസ്ത്രക്രിയയെക്കുറിച്ചും തുടര്‍ ചികിത്സാനടപടികളെക്കുറിച്ചും പറയാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി