ജമ്മുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം; സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേഴ്സ്; – Kairalinewsonline.com
Featured

ജമ്മുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം; സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേഴ്സ്;

ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി: ജമ്മു കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ്- എബിവിപി അക്രമത്തിന് പിന്നാലെ സര്‍വകലാശാല വെബ്സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു.

അക്രമത്തില്‍ പ്രതിഷേധിച്ചും നടപടി ആവശ്യപ്പെട്ടുമാണ് ഹാക്കിംഗ്. ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആര്‍എസ്എസ്- എബിവിപി അക്രമം. മലയാളികള്‍ ബീഫ് തിന്നുന്നവരും ദേശദ്രോഹികളുമാണെന്ന് ആക്ഷേപിച്ചുകൊണ്ടായിരുന്നു അക്രമം. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തിരുന്നില്ല.

വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കാരും എഐഎസ്എഫുകാരുമാണ്. അവര്‍ക്ക് യഥേഷ്ടം ഭക്ഷണവും മദ്യവും വേണം. അവരെ ചോദ്യം ചെയ്യാന്‍ ആരുമില്ല എന്നായിരുന്നു വൈസ് ചാന്‍സലര്‍ അശോക് ഐമയുടെ പ്രതികരണം.

അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാഞ്ഞതോടെയാണ് അക്രമത്തില്‍ പ്രതിഷേധിച്ചും നടപടി ആവശ്യപ്പെട്ടും സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം കേരളാ സൈബര്‍ വാരിയേഴ്സ് ഏറ്റെടുത്തു.

ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നും ഹാക്ക് ചെയ്ത സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് അപ്ഗ്രേഡേഷന്‍ തുടരുകയാണ് കാത്തിരിക്കുക എന്ന് മാത്രമാണ് ഇപ്പോള്‍ സൈറ്റില്‍ കാണാനാകുക.വെബ്സൈറ്റ് ഹാക്ക് ചെയ്തതില്‍ നടപടി ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത് സര്‍വകലാശാല അധികൃതര്‍ തലയില്‍ കെട്ടിവയ്ക്കുമോ എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നു.

To Top