ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറി; യുവന്‍റസ് പുറത്ത്; മെസിയുടെ ഇരട്ട ഗോളില്‍ ബാ‍ഴ്സ സെമിയില്‍

ഇറ്റാലിയന്‍ ടീം യുവന്റസിനൊപ്പം യൂറോപ്യന്‍ കീരിടം സ്വപ്നം കണ്ടിറിങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കണ്ണീരോടെ മടക്കം.

ടൂറിനില്‍ യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ ഡച്ച് ക്ലബ്ബായ അയാക്‌സ് 2-1ന് റോണോയേയും സംഘത്തെയും തോല്‍പ്പിച്ച് സെമിയില്‍ കടന്നു.

മറ്റൊരു ക്വാര്‍ട്ടറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പില്‍നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. സൂപ്പര്‍ താരം മെസി ഇരട്ട ഗോള്‍ നേടി.

പ്രീ ക്വാര്‍ട്ടറില്‍ തന്നെ റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബും ഹാട്രിക് ജേതാക്കളുമായ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കിയ ഡച്ച് ടീം ക്വാര്‍ട്ടറിലും അട്ടിമറി തുടരുകയായിരുന്നു.

രണ്ട് പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവിലാണ് അയാക്‌സ് ചാംപ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്.

കാല്‍ നൂറ്റാണ്ട് മുന്‍പ് കൈവിട്ട യൂറോപ്യന്‍ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇറ്റലിയിലെ വമ്പന്‍മാരായ യുവെന്റസ് കോടികള്‍ മുടക്കി റൊണാള്‍ഡോയെ ടൂറിനിലെത്തിച്ചത്.

റൊണാള്‍ഡോയുടെ മികവില്‍ തന്നെ ടീം ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.

ക്വാര്‍ട്ടര്‍ അദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോയുടെ പറക്കും ഹെഡ്ഡര്‍ ഗോളിലൂടെ അയാക്‌സിനെതിരെ സമനില നേടിയ യുവെയ്ക്ക് വേണ്ടി രണ്ടാം പാദത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ക്രിസ്റ്റ്യാനോ നിര്‍ണായക ലീഡ് സമ്മാനിക്കുകയും ചെയ്തു.

28–ാം മിനിറ്റില്‍ കോര്‍ണര്‍കിക്കില്‍നിന്നു ലഭിച്ച പന്തിനു തലവച്ചാണ് റൊണാള്‍ഡോ യുവെയുടെ സെമി സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത്.

പക്ഷേ അതിവേഗ മുന്നേറ്റങ്ങളുമായി വിസ്മയിപ്പിച്ച അയാക്‌സ് ആറ് മിനിട്ടിനുള്ളില്‍ തന്നെ സമനില ഗോള്‍ കണ്ടെത്തി. ഡോണി വാന്‍ ഡെ ബീക് ഓഫ് സൈഡ് കെണി പൊട്ടിച്ചു തൊടുത്ത ഷോട്ട് യുവെ
ഗോള്‍കീപ്പറെ മറികടന്നു വലയില്‍. സ്‌കോര്‍ 1-1.

രണ്ടാം പകുതിയിലും അയാക്‌സ് ഉണര്‍ന്ന് കളിച്ചെങ്കിലും നീക്കങ്ങളൊന്നും ഫലവത്തായില്ല. ഒടുവില്‍ 67ാം മിനിട്ടില്‍ അയാക്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്ന് ഡച്ച് ടീമിന്റെ വിജയഗോള്‍ പിറന്നു.

യുവെ ബോക്‌സിലേക്കു ചാഞ്ഞിറങ്ങിയ പന്തില്‍ അയാക്‌സിന്റെ ടീനേജുകാരന്‍ ക്യാപ്റ്റന്‍ മാത്തിജ് ഡി ലൈറ്റിന്റെ ബുള്ളറ്റ് ഹെഡര്‍ ലക്ഷ്യത്തിലെത്തി. ഒരു ഗോളിന് പിന്നിലായതോടെ റൊണാള്‍ഡോയും കൂട്ടരും ആഞ്ഞുപൊരുതിയെങ്കിലും ഫലവത്തായില്ല.

മെസിയുടെ ഇരട്ട ഗോള്‍

ന്യൂകാംപില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ബാഴ്‌സ 16ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചു.

യുണൈറ്റഡ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച മെസി ഇടംകാലുകൊണ്ട് ഗോള്‍ കീപ്പര്‍ ഡിഹിയയെ നിസ്സഹായനാക്കി അത് വലയിലെത്തിച്ചു.

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് യുണൈറ്റഡ് ഉണരും മുന്‍പേ മെസിയുടെ വലംകാല്‍ അടുത്ത ഗോളും കണ്ടെത്തി. 20ാം മിനിറ്റില്‍ യുണൈറ്റഡ് പ്രതിരോധത്തെ വെട്ടിച്ച് മെസി വലംകാലുകൊണ്ട് തൊടുത്ത
ശക്തമല്ലാത്ത ഷോട്ട് തടയുന്നതില്‍ മാഞ്ചസ്റ്റര്‍ ഗോള്‍കീപ്പര്‍ ഡിഗിയക്ക് പിഴച്ചു.

ഡി ഗിയയുടെ കൈകളില്‍നിന്നു വഴുതി പന്ത് വലയില്‍ കയറുന്നത് അവിശ്വസനീയതയോടെയാണ് ആരാധകരും യുണൈറ്റഡ് താരങ്ങളും നോക്കിക്കണ്ടത്.

രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആധിപത്യത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 61ാം മിനിറ്റില്‍ 25 വാര അകലെ നിന്ന് തൊടുത്ത ഒരു ഷോട്ടിലൂടെ കുടീഞ്ഞ്യോ ബാഴ്‌സയുടെ ഗോള്‍ പട്ടിക തികച്ചു. ലിവര്‍പൂള്‍–പോര്‍ട്ടോ ക്വാര്‍ട്ടര്‍ വിജയികളാണ് സെമിയില്‍ ബാര്‍സയുടെ എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News