രാഹുലിന്റേത് ആത്മാവില്ലാത്ത വാചകമടി മാത്രം; രാജ്യത്തെ ദാരിദ്ര്യത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്; ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ നയങ്ങളാണ് പിന്തുടരേണ്ടതെന്നും കോടിയേരി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രതിനിധീകരിച്ച അമേഠി പോലുള്ള സ്ഥലങ്ങളില്‍ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്ത ശേഷമാണോ കേരളത്തിലേക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി അദ്ദേഹം വരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍തയുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ നയങ്ങളാണ് നിങ്ങള്‍ പിന്തുടരേണ്ടത്. അതിന് തയ്യാറുണ്ടോ എന്നും കോടിയേരി ചോദിച്ചു.

കോടിയേരിയുടെ വാക്കുകള്‍:

ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ വന്ന് പറഞ്ഞത്! തെരഞ്ഞെടുപ്പ് സമയത്തുള്ള കോൺഗ്രസിന്റെ ആത്മാവില്ലാത്ത വാചകമടിയായി മാത്രമേ അതിനെ കാണാനാവൂ.

ഇന്ത്യയുടെ അങ്ങേയറ്റത്തുനിന്ന് ഇങ്ങേയറ്റത്ത് വന്ന് ദാരിദ്ര്യത്തോട് പോരാടാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തമാശയായി മാത്രമേ രാജ്യം കാണുകയുള്ളു.

നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധീകരിച്ച അമേഠി പോലുള്ള സ്ഥലങ്ങളിൽ ദാരിദ്ര്യം നിർമാർജ്ജനം ചെയ്ത ശേഷമാണോ കേരളത്തിലേക്ക് സർജിക്കൽ സ്ട്രൈക്കുമായി അദ്ദേഹം വന്നത്?

രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ മുതൽ അദ്ദേഹം വരെ പ്രതിനിധീകരിച്ചിരുന്ന ഉത്തർപ്രദേശിലെയും അവരിന്നുവരെ കടന്നു വരാത്ത കേരളത്തിലെയും ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് (HDI, 2017) യഥാക്രമം 0.583 ഉം 0.784 ഉം ആണ് എന്നത് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.

കുറച്ചുകൂടി കടന്ന് പരിശോധിച്ചാൽ ഇരു സംസ്ഥാനങ്ങളിലെയും മൾട്ടി ഡൈമെൻഷണൽ പോവെർട്ടി ഇൻഡക്സ് കേരളത്തിന്റേത് 0.004 ഉം യു പി യുടേത് 0.180 യും ആണെന്ന് മനസ്സിലാക്കാം.

അതായത് അദ്ദേഹത്തിന്റെ സർജിക്കൽ സ്ട്രൈക്ക് കേരളത്തിനേക്കാൾ മുമ്പേ നടപ്പിലാവേണ്ടത് യു പിയിലാണ്. എന്നിട്ടുമെന്താണ് അദ്ദേഹം യു പിയിൽ നിന്നും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമുള്ള കേരളത്തിലേക്ക് വന്നത്?

മനുഷ്യ ജീവിത സാഹചര്യങ്ങൾ പരിശോധിച്ചാൽ ഇത്തരം വാഗ്ദാനങ്ങൾ കേരളത്തിനേക്കാൾ നന്നായി ചെലവാകുന്നത് ഉത്തരേന്ത്യയിൽ ആയിരിക്കുമല്ലോ? അവിടെ ഇപ്പോൾ ഇത്തരം വാഗ്ദാനങ്ങൾ വിലപ്പോവില്ല എന്ന് മനസ്സിലാക്കിയാവും അദ്ദേഹത്തിന്റെ ഈ പരക്കം പാച്ചിൽ.

വാഗ്ദാനങ്ങള്‍ കൊണ്ട് മാത്രം വിശപ്പടക്കാന്‍ കഴിയില്ലെന്ന് അനുഭവിച്ചറിഞ്ഞതാണ് നമ്മുടെ ഇന്നലെകള്‍. കോണ്‍ഗ്രസ് ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം മുന്നോട്ട് വച്ച് 48 വര്‍ഷങ്ങൾക്ക് ശേഷവും ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രഖ്യാപിക്കേണ്ടിവരുന്നത് കഷ്ടമല്ലേ? ഈ 48 വർഷങ്ങളിൽ കൂടുതലും രാജ്യം ഭരിച്ചത് കോൺഗ്രസ് ആണല്ലോ?

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സിംഹഭാഗവും ഭരണം കൈയ്യാളിയ കോണ്‍ഗ്രസ് ഇപ്പോഴും ദാരിദ്ര്യത്തിനെതിരാണ് നിങ്ങളുടെ പോരാട്ടമെന്ന് പറയുമ്പോൾ 38.2% (രംഗരാജൻ കമ്മിറ്റി റിപ്പോർട്, 2014) ദരിദ്രജനങ്ങളുള്ള നാടായി നമ്മുടെ നാട് മാറിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത രാഹുൽ ഗാന്ധിയ്ക്കുണ്ട്.

ദാരിദ്ര്യത്തിനെതിരെ ഫലപ്രദമായ എന്തെങ്കിലും മാതൃക മുന്നോട്ട് വച്ചിട്ടുണ്ടെങ്കിൽ അത് ശക്തമായ ഇടതുപക്ഷ പിന്തുണയുള്ള ഒന്നാം യുപിഎ സര്‍ക്കാർ മാത്രമാണ്.

ആ മാതൃകയെ നിഷ്കരുണം തള്ളിക്കളഞ്ഞല്ലേ കോൺഗ്രസ് പാർട്ടി സാമ്രാജ്യത്വ വിധേയത്ത മനോഭാവവുമായി മുന്നോട്ട് പോയത് ?

ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന ഉത്തരവാദിത്വം കോൺഗ്രസിന് തന്നെയാണ്. ആ വസ്തുത മനസിലാക്കി നിൽക്കുന്ന ജനങ്ങൾക്ക് മുന്നിൽ സർജിക്കൽ സ്ട്രൈക്ക് എന്നൊക്കെ പറയുമ്പോൾ, രാഹുൽ നഗ്നനാണെന്ന് കേരളത്തിലെ കുട്ടികൾ വിളിച്ച് പറയും.

നിങ്ങളുടെ നയങ്ങൾ തിരുത്താൻ തയ്യാറാണോ? അതാണ് ജനങ്ങളുടെ ചോദ്യം. കേന്ദ്ര ഭരണം കൈയ്യാളുമ്പോൾ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളിൽ നിങ്ങളും ബി ജെ പിയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?

ഒരു വ്യത്യാസവുമില്ലാത്ത നയവുമായി നിങ്ങൾ അവർക്കെതിരെ മത്സരിക്കുന്നതിൽ എന്ത് അർഥമാണുള്ളത്? പ്രധാനനയങ്ങളുടെ കാര്യത്തിൽ ഒരേ നാണയത്തിന്റെ ഇരു വശങ്ങളായ പാർട്ടികളാണ് നിങ്ങൾ.

ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും ആത്മാർതയുണ്ടെങ്കിൽ ഇടതുപക്ഷത്തിന്റെ നയങ്ങളാണ് നിങ്ങൾ പിന്തുടരേണ്ടത്.

അതിന് തയ്യാറുണ്ടോ എന്നാണ് അറിയേണ്ടത്. സി പി എമ്മിനെതിരെ ഒന്നും പറയില്ലെന്ന് പറയുന്നതിലെ നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം അവിടെയാണ് വെളിവാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News