ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്ത്; പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകന്‍ ബിനില്‍ സോമസുന്ദരത്തിനെതിരെ പൊലീസ് കേസെടുത്തു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനിലിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്.

തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം.

ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here