ഇടതുപക്ഷവുമായി മത്സരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്ന് കോടിയേരി; ബിജെപിക്കെതിരെ വിശാലസഖ്യമുണ്ടാക്കാനുള്ള താല്‍പര്യം കോണ്‍ഗ്രസിനില്ല

കാസര്‍ഗോഡ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് വന്‍വിജയം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ സീറ്റും വോട്ടും നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിലെത്തില്‍ രാഹുല്‍ ഗാന്ധി ചുവടുമാറ്റി ചവിട്ടുന്നത്. ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.

ഇടതുപക്ഷവുമായി മത്സരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പാണ്. ബിജെപി ശക്തികേന്ദ്രങ്ങളില്‍ ശക്തമായ മത്സരം നടത്താനാകാത്തതിനാലാണ് രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത്. കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കേരളത്തില്‍ മതനിരപേക്ഷ സര്‍ക്കാരാണുള്ളത്. ബിജെപിക്കെതിരെ വിശാലസഖ്യമുണ്ടാക്കാനുള്ള താല്‍പര്യം കോണ്‍ഗ്രസിനില്ല. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ കൂട്ടുക്കെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇത് സന്തോഷിപ്പിക്കുന്നത് ബിജെപിയെയാണ്.

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷം ബിജെപിക്കാണ്. ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര കക്ഷികളാണ് ബിജെപിയുമായി ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 38.5 ശതമാനം വോട്ട് നേടിയപ്പോള്‍ യുപിഎ ഇതര കക്ഷികള്‍ക്ക് 39 ശതമാനം വോട്ട് ലഭിച്ചു. യുപിഎക്ക് ലഭിച്ചത് 23 ശതമാനം വോട്ട് മാത്രം. ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ശക്തി തെളിയിച്ചു.

ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയില്‍ മതേതര സര്‍ക്കാര്‍ നിലവില്‍ വരും.

2004ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ അധികാരത്തില്‍ നിന്നിറക്കാന്‍ കേരളം 18 സീറ്റുകള്‍ ഇടതുപക്ഷത്തിന് നല്‍കി. ലോക്‌സഭയില്‍ 61 സീറ്റ് ലഭിച്ചു.
ഇടതിന് വോട്ട് നല്‍കുന്നത് ബിജെപി സഹായിക്കലാകുമെന്ന വാദം 2004ലെ അനുഭവമുള്ള കേരളത്തിലെ ജനങ്ങള്‍ വകവെക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here