തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുരുപയോഗിക്കുന്നതിനെതിരെ പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം രംഗത്ത്.

ശബരിമലയിലെ ആചാരസംരക്ഷണത്തിനായി വിശ്വാസികള്‍ നടത്തിയ സമരം വഴിതെറ്റിയത് രാഷ്ടീയ ഇടപെടല്‍ മൂലമാണെന്ന് പന്തളം കൊട്ടാരത്തിലെ മകം തിരുനാള്‍ കേരളവര്‍മ്മ രാജാ വ്യക്തമാക്കി.

കൈരളി പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജാ ബിജെപിക്കെതിരെ പേരുപറയാതെ ആഞ്ഞടിച്ചത്.

ശബരിമല വിഷയത്തില്‍ ദില്ലിയില്‍ ജന്തര്‍ മന്ദിറില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്ത വ്യക്തി കൂടിയാണ് രാജാ. ശബരിമലയില്‍ ആചാര ലംഘനം നടക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികള്‍ നടത്തിയ യോഗങ്ങളിലും രാജാ സംബന്ധിച്ചിട്ടുണ്ട്.

ശബരിമല സമരം തുടങ്ങിയത് ആചാര സംരക്ഷണത്തിനുവേണ്ടിയാണ്. പിന്നീട് രാഷ്ട്രീയക്കാര്‍ ഇടപെട്ട് സമരത്തിന്റെ ഉദ്ദേശ്യശുദ്ധി അട്ടിമറിച്ചു രാജാ നിരീക്ഷിച്ചു.

ശബരിമല വിഷയം തെരഞ്ഞെടുപ്പു നേട്ടത്തിനായി ദുരുപയോഗിക്കുന്ന ബിജെപിയുടെ നിലപാടിനെയും രാജാ ആക്രമിച്ചു.

വിശ്വാസത്തെ ദുരുപയോഗിക്കാന്‍ കൊട്ടാരം ആഗ്രഹിക്കുന്നില്ല. വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും കൊട്ടാരം ആഗ്രഹിക്കുന്നില്ല.-അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.

കഴിഞ്ഞ മണ്ഡലക്കാലത്ത് ശബരിമലയില്‍ അരങ്ങേറിയ ക്ഷേത്രത്തിന്റെ വിശുദ്ധി നശിപ്പിക്കുന്ന സംഘപരിവാര്‍ അതിക്രമങ്ങളെയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് രാജായുടെ പ്രതികരണം.

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന നടപടി ആരില്‍ നിന്നും പാടില്ല. ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു നടപടിയും ഒരിടത്തുനിന്നും ഉണ്ടാകരുത് രാജാ അഭ്യര്‍ത്ഥിച്ചു.

രാജായുടെ പ്രഖ്യാപനം ബിജെപിക്കും കോണ്‍ഗ്രസ്സിനുമുള്ള തിരിച്ചടിയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പ്രവാസി നിവാസി പാര്‍ട്ടി പ്രതിനിധിയായി രാജാ മത്സരരംഗത്തുമുണ്ട്.

പന്തളം കൊട്ടാരത്തിന്റെ വിശ്വാസങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്‍ കൊട്ടാരത്തിന്റെ വളര്‍ത്തു മകനാണ്. ശബരി മല പ്രശ്‌നത്തിലെ കൊട്ടാരത്തിന്റെ നിലപാടില്‍ ആ വികാരമുണ്ട്.

അയ്യപ്പന്‍ കളിച്ചു വളര്‍ന്നു എന്നു വിശ്വസിക്കുന്ന പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമാണ് താന്‍.

പക്ഷേ, ഭക്തിയുടെ രാഷ്ട്രീയദുരുപയോഗത്തിന് കൊട്ടാരം എതിരാണ് എന്നു വിശദീകരിച്ചുകൊണ്ടാണ് രാജാ തിരുവനന്തപുരത്ത് വോട്ടു തേടുന്നത്.

മത്സരത്തിന് രാജാ തിരുവനന്തപുരം തന്നെ തെരഞ്ഞെടുത്തതും ശ്രദ്ധേയം.

അയ്യപ്പന്റെ രക്ഷകസ്ഥാനം അവകാശപ്പെട്ട് തെരഞ്ഞെടുപ്പുരംഗത്തുള്ള ബിജെപിക്കു വേണ്ടി കേരളത്തില്‍ മത്സരിക്കുന്ന അവരുടെ ഏറ്റവും ഉയര്‍ന്ന നേതാവായ കുമ്മനം രാജശേഖരനെതിരായ രാജായുടെ മത്സരം അതുകൊണ്ടുതന്നെ പ്രതീകാത്മകവുമാണ്.