ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളും ടോട്ടനവും സെമിയില്‍. ത്രില്ലര്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍സിറ്റിയെ അട്ടിമറിച്ചാണ് ടോട്ടനം അവസാന നാലിലെത്തിയത്.

വമ്പന്‍ അട്ടിമറികളിലൂടെ റയല്‍ മാഡ്രിഡിനെയും യുവന്റസിനെയും പുറത്താക്കിയ അയാക്‌സാണ് സെമിയില്‍ ടോട്ടനത്തിന്റെ എതിരാളികള്‍.

ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ അതിനാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് ടോട്ടനം എവേ ഗോളിന്റെ മികവില്‍ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

രണ്ടാം പാദ മത്സരത്തില്‍ പിറന്നത് ഏഴ് ഗോളുകള്‍, മത്സരം തുടങ്ങി ആദ്യ 11 മിനിറ്റിനുള്ളില്‍ തന്നെ നാല് ഗോളുകള്‍, എക്‌സ്ട്രാ ടൈമിന്റെ ഒടുവില്‍ സിറ്റി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് കണ്ടെത്തിയത് വാറിലൂടെ.

രണ്ടാം പാദത്തില്‍ 4-3ന് സിറ്റി വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി അഗ്രഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയിലായി. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം സെമിയിലേക്ക് മുന്നേറുകയായിരുന്നു.

ഇരട്ടഗോളുമായി കളം നിറഞ്ഞ ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ വിജയ ശില്‍പ്പി. ഫെര്‍ണാണ്ടോ ലോറെന്റെയാണ് ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. സിറ്റിക്കായി റഹീം സ്‌റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവരും ലക്ഷ്യം കണ്ടു.

യൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ ഇരുപാദങ്ങളിലുമായി ഒന്നമിനെതിരെ ആറ് ഗോളുകള്‍ക്ക് എഫ് സി പോര്‍ട്ടോയെ തകര്‍ത്താണ് സെമിയിലെത്തിയത്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ച ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളിന്റെ ജയം നേടി. സദിയേ മാനേ, മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ ഡിജ്ക് എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടി.