പ്രളയ ബാധിതര്‍ക്ക് കോണ്‍ഗ്രസ് വച്ചു നല്‍കാം എന്ന് പറഞ്ഞ 1000 വീടുകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നേതൃത്വം

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 1000 വീട് പദ്ധതിയുടെ അവസ്ഥ എന്താണെന്ന് നേതൃത്വത്തിന് ഒരു ധാരണയുമില്ല.

ജില്ലകളില്‍ ഇതുസംബന്ധിച്ച് ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്ന് ഡിസിസികള്‍ തന്നെ വ്യക്തമാക്കുന്നു.

ജില്ലാ കമ്മിറ്റികള്‍ എത്ര വീടുകള്‍ വീതം വച്ചുകൊടുക്കണമെന്ന് കൃത്യമായി നിര്‍ദേശിക്കാന്‍ കെപിസിസിക്ക് കഴിഞ്ഞില്ലെന്നാണ് ജില്ലയിലെ നേതാക്കള്‍ പറയുന്നത്. പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ പദ്ധതിയുടെ ജില്ലകളിലുള്ള അവസ്ഥ ഇങ്ങനെ:

ചെന്നിത്തല പറഞ്ഞത് 20
ആലപ്പുഴ

ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപനമുണ്ടായി.

അതും നടന്നില്ല. 100 വീടു നിര്‍മിച്ചു നല്‍കുമെന്ന ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപനവും വാഗ്ദാനത്തില്‍ ഒതുങ്ങി. ഒരു വീടുപോലും പൂര്‍ത്തിയായില്ല.

പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് കെപിസിസി 1000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് 100 വീടുകള്‍ ആലപ്പുഴയില്‍ നിര്‍മിക്കാന്‍ ഡിസിസി തീരുമാനിച്ചത്.

കെപിസിസി ഭവന നിര്‍മാണ കമ്മിറ്റി അധ്യക്ഷന്‍ എം എം ഹസന്‍കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. 15ഓളം വീടുകള്‍ക്ക് തറക്കല്ലിട്ടു. ഇതില്‍ അഞ്ചെണ്ണം കെപിസിസി നേരിട്ട് നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചതാണ്. ഗുണഭോക്താക്കളെ തീരുമാനിച്ചതിലും ആക്ഷേപമുയര്‍ന്നു.

ഇടുക്കിയില്‍ ഒന്നുപോലുമില്ല

പ്രളയം സര്‍വനാശം വിതച്ച ഇടുക്കി ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കുപോലും കെപിസിസി തീരുമാനപ്രകാരം വീടുവച്ച് നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.

അഞ്ച് വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് ഡിസിസി പദ്ധതിയിട്ടത്. വീട് നിര്‍മിക്കാനായി കെപിസിസി വാഗ്ദാനം ചെയ്തിരുന്ന ഫണ്ട് ഇതുവരെ കിട്ടിയിട്ടില്ല.

ഗുണഭോക്താക്കളെ കണ്ടെത്തലും മുടങ്ങിയെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. എന്നാല്‍, പ്രാദേശിക നേതൃത്വം പണപ്പിരിവിലൂടെ ചെമ്മണ്ണാര്‍ പാമ്പുപാറയില്‍ ഒരു വീട് നിര്‍മിച്ചതായി ഉടുമ്പന്‍ചോല മണ്ഡലം ഭാരവാഹി സേനാപതി വേണു പറഞ്ഞു.

കണ്ണൂരില്‍ രണ്ടെണ്ണം

കണ്ണൂര്‍ ജില്ലയില്‍ കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ രണ്ട് വീട് നിര്‍മിച്ചുവെന്നാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അവകാശപ്പെടുന്നത്.

കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്നില്‍ തുണ്ടിപ്പറമ്പില്‍ ബെറ്റി, യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം പ്രസിഡന്റും കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈലിലെ കുരുവിളാനിക്കല്‍ സിനോ ജോസ് എന്നിവര്‍ക്കാണ് വീട് നിര്‍മിക്കാന്‍ കെപിസിസി തീരുമാനിച്ചത്.

കണിച്ചാറില്‍ നിര്‍മാണം നടക്കുകയാണെന്നും കൊട്ടിയൂരിലേത് പൂര്‍ത്തിയായെന്നും പറയുന്നു. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി.

അതില്‍ 95,000 രൂപ വീതം ലഭിച്ചു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വീടിന് നാമമാത്രമായ തുക മുടക്കി കെപിസിസി നിര്‍മിച്ച് നല്‍കുന്നതായി പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഒരു വീട് നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കാനാണ് കെപിസിസി തീരുമാനിച്ചത്. പിരിവും നടത്തി. പക്ഷേ വീടുകള്‍ ഉയരുന്നില്ല.

തിരുവനന്തപുരത്ത് വീട് അടിച്ചുമാറ്റി

തിരുവനന്തപുരത്ത് കോണ്‍ഗ്രസുകാര്‍ ഒരു വീടു പോലും നിര്‍മിച്ചുനല്‍കിയില്ല.

എന്നാല്‍ മഴക്കെടുതിയില്‍ വീട് തകര്‍ന്ന വിളപ്പില്‍ പേയാട് കാട്ടുവിളയില്‍ ചന്ദ്രികയ്ക്ക് നാലാഞ്ചിറ റസിഡന്‍സ് അസോസിയേഷന്‍ (നിറ) നിര്‍മിച്ച് നല്‍കിയ വീടിന്റെ ക്രഡിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി അടിച്ചു മാറ്റി.

5.5 ലക്ഷം രൂപ മുടക്കിയാണ് റസിഡന്‍സ് അസോസിയേഷന്‍ 360 സ്‌ക്വയര്‍ ഫീറ്റ് വീട് ചന്ദ്രികയ്ക്ക് നിര്‍മിച്ച് നല്‍കിയത്.

ഒരു ലക്ഷം രൂപ റോട്ടറി ക്ലബ് റസിഡന്‍സ് അസോസിയേഷനു നല്‍കി.

നിര്‍മാണഘട്ടത്തില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും സഹകരിച്ചില്ല.

കെ മുരളീധരന്‍ എംഎല്‍എ താക്കോല്‍ ദാനവും നടത്തി. ഒരാഴ്ച കഴിഞ്ഞ് ഇതേ വീടിന്റെ ‘താക്കോല്‍ദാനം’ നടത്താന്‍ മുന്‍ കെപിസിസി പ്രസഡന്റ് എംഎം ഹസനും കൂട്ടരും എത്തി. തങ്ങള്‍ നിര്‍മിച്ചതാണ് വീടെന്ന് അവകാശപ്പെട്ട് പ്രവേശന ‘ചടങ്ങും’ ഫോട്ടോ എടുപ്പും നടത്തി നേതാക്കള്‍ മടങ്ങി.

കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന 1000 വീട് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ഈ വീടെന്ന് വ്യാപക പ്രചരണവും നടത്തി. ഫ്‌ളക്‌സുബോര്‍ഡുകളും നിരത്തി.

തൃശൂരില്‍ പറഞ്ഞത് 50; നിര്‍മിച്ചത് ഒന്ന്

പ്രളയത്തില്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടി, മാള, ചേര്‍പ്പ്, വടക്കാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്.

ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും. എന്നിട്ടും ജില്ലയില്‍ 50 വീടുകള്‍ നിര്‍മിച്ച് നല്‍കാനായിരുന്നു ഡിസിസിയുടെ തീരുമാനം.

എന്നാല്‍ ഒരു വീടുമാത്രമാണ് നിര്‍മിച്ചു നല്‍കാനായത്. കുണ്ടുകാട് പ്രദേശത്തുള്ള വീടിന്റെ താക്കോല്‍ദാനം സത്യന്‍ അന്തിക്കാട് നിര്‍വഹിച്ചു.

വടക്കാഞ്ചേരിയില്‍ രണ്ടു വീടുകളുടെയും, തളിക്കുളം, താന്ന്യം എന്നിവിടങ്ങളില്‍ ഓരോ വീടുകളുടെയും നിര്‍മാണം പുരോഗമിക്കുന്നുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം.

പദ്ധതിക്കായി പിരിച്ചെടുത്ത തുകയെ സംബന്ധിച്ചും പരാതി ഉയര്‍ന്നുകഴിഞ്ഞു.

പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചത് 10; ഉയര്‍ന്നത് ഒന്ന്

പ്രളയത്തില്‍ പെട്ടവര്‍ക്ക് 10 വീടുകള്‍ പണിതുനല്‍കും എന്ന് വാഗ്ദാനംചെയ്ത പത്തനംതിട്ട ഡിസിസി ഒരു വീടു മാത്രമാണ് നല്‍കിയത്.

ആറന്മുള മണ്ഡലത്തിലെ എഴീക്കാട് കോളനിയില്‍ പൂര്‍ത്തിയാക്കിയ ഈ വീടിന്റെ താക്കോല്‍ കൈമാറി. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുതന്നെയാണ് വീട് നിര്‍മിച്ചുനല്‍കിയത്. ഇദ്ദേഹത്തിന്റെ തന്നെ സ്ഥലത്താണ് വീട് പണിതതും.

എറണാകുളത്ത് ആദ്യമേത്?

എറണാകുളം ജില്ലയില്‍ ദുരിതബാധിതരെ സഹായിക്കാനെന്നപേരില്‍ കെപിസിസി പ്രഖ്യാപിച്ച പദ്ധതിയില്‍ തട്ടിപ്പ് നടന്നു. ‘ആദ്യ വീടിന്റെ’ താക്കോല്‍ദാനം ചെല്ലാനത്ത് രമേശ് ചെന്നിത്തല നിര്‍വഹിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരാപ്പുഴയില്‍ ‘ആദ്യ വീടിന്’ തറക്കല്ലിട്ടു.

ഇതോടെയാണ് തട്ടിപ്പ് വ്യക്തമായത്. നവംബര്‍ 20നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെല്ലാനം വാഴക്കൂട്ടത്തില്‍ പീറ്ററിനായി നിര്‍മിച്ചതെന്നു പറയുന്ന വീട് കൈമാറിയത്.

അടിത്തറയടക്കം കുറെഭാഗം വീട്ടുകാര്‍തന്നെ നിര്‍മിച്ച വീടിന്റെ ബാക്കിപണിമാത്രം നടത്തി കെപിസിസിയുടെ ഭവനപദ്ധതിയില്‍ പെടുത്തുകയായിരുന്നു.

ഓഖി ദുരന്തരത്തില്‍പ്പെട്ട് പുനര്‍നിര്‍മിച്ച വീട് പ്രളയവീടിന്റെ പട്ടികയില്‍പ്പെടുത്തുന്നതിനെ പ്രദേശത്തെ കോണ്‍ഗ്രസുകാര്‍തന്നെ എതിര്‍ത്തു.

കഴിഞ്ഞദിവസം വരാപ്പുഴയില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ‘ആദ്യ വീടിന്’ തറക്കല്ലിട്ട വാര്‍ത്ത ഡിസിസിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്തു.

ഇതിനുതാഴെ രമേശ്‌ചെന്നിത്തല ചെല്ലാനത്ത് താക്കോല്‍ കൈമാറുന്ന ചിത്രം ഇട്ടശേഷം കെപിസിസിയുടെ ഭവനപദ്ധതിക്ക് എത്ര ആദ്യമുണ്ടെന്ന പരിഹാസവുമായാണ് ചിലര്‍ പ്രതികരിച്ചത്.

50ല്‍ ഒന്നുമില്ലാതെ മലപ്പുറം

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിര്‍മിച്ചു നല്‍കാമെന്നേറ്റ വീടുകളില്‍ ഒന്നു പോലും പൂര്‍ത്തിയാക്കി കൈമാറിയില്ല.

50 വീടുകള്‍ വരെ മലപ്പുറത്ത് നല്‍കുമെന്നാണ് ഡിസിസി നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചില വീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്.

കോട്ടയത്ത് മൂന്നെണ്ണം മാത്രം

കോട്ടയം ജില്ലയില്‍ എണ്‍പതോളം വീടുകള്‍ പണിയാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളാണ് പട്ടിക തയ്യാറാക്കിയത്.

ഇതുവരെ പൂര്‍ത്തീകരിക്കാനായത് മൂന്നെണ്ണം മാത്രം. അയര്‍ക്കുന്നം, പുതുപ്പള്ളി , തലയോലപ്പറമ്പ് എന്നിവിടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

18 വീടുകളുടെ നിര്‍മാണം നടക്കുന്നതായും നാലെണ്ണത്തിന് കല്ലിട്ടതായും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News