അഴകളവിലും സൗന്ദര്യത്തിലും ശ്രദ്ധ ചെലുത്തേണ്ട സമയമാണ് രാഖി ദത്തയെന്ന പെണ്‍കുട്ടി അവളുടെ അച്ഛനുവേണ്ടി സ്വന്തം കരള്‍ പകുത്ത് നല്‍കിയത്. പത്തൊമ്പതുകാരിയായ രാഖി സ്വന്തം കരളിന്റെ 65 ശതമാനമാണ് അച്ഛന് നല്‍കിയത്.

പല ആശുപത്രിയിലും അച്ഛനെ കാണിച്ചിട്ടും അദ്ദേഹത്തിന്റെ രോഗമെന്താണെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജിയില്‍ എത്തിക്കുകയായിരുന്നു.

അവിടെവെച്ചാണ് കരള്‍മാറ്റ ശസ്ത്രക്രിയ എന്ന പ്രതിവിധി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതും. എന്നാല്‍ ദാതാവിനെ ലഭിക്കാതെ വന്നതോടെ കരള്‍ പകുത്ത് നല്‍കാനായി രാഖി സമ്മതമറിയിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നും മുറിപ്പാടുകളും വേദനയും സഹിക്കേണ്ടി വരുമെന്നും അറിഞ്ഞിട്ടും സ്വന്തം അച്ഛനുവേണ്ടി അതെല്ലാം സഹിക്കാന്‍ തയാറായ രാഖിയെ ഇരുകൈകളും നീട്ടിയാണ് ഡോക്ടര്‍മാരും സോഷ്യല്‍മീഡിയയും സ്വീകരിച്ചത്. രണ്ട് പെണ്‍മക്കളാണ് രാഖിയുടെ പിതാവിന്.