ആലുവയിൽ അമ്മയുടെ ക്രൂരമര്‍ദ്ധനമേറ്റ് ചികിത്സയില്‍ ക‍ഴിയുന്ന മൂന്ന് വയസ്സുകാരന്‍റെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

കുട്ടിയെ മർദിച്ച കേസിൽ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തു. വധശ്രമം, ബാലനീതി നിയമ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവ ചുമത്തിയാണ് ജാർഖണ്ഡ് സ്വദേശിനിയായ യുവതിയെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അതേ സമയം അടിയന്തിര ശസ്ത്രക്രിയ പൂർത്തിയായെങ്കിലും കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.തുടർന്ന് ഇതര സംസ്ഥാനക്കാരായ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മർദിച്ചത് താനാണെന്ന് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. അനുസരണക്കേട് കാണിക്കുമ്പോൾ തടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കടിക്കാറുണ്ടെന്നും ചട്ടുകം പഴുപ്പിച്ച് വെക്കാറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

എന്നാൽ മർദനത്തിൽ തനിയ്ക്ക് പങ്കില്ലെന്നായിരുന്നു അച്ഛന്റെ മൊഴി. ഇതെ തുടർന്ന് കുട്ടിയുടെ അമ്മയെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് സംഭവം നടന്ന ഏലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേ സമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

രക്തസ്രാവം നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇതിനിടെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം കുട്ടിയെ പരിശോധിക്കുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചു.