42.10 ശതമാനം വോട്ട് ഷെയറോടെ 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടി ഇടതുപക്ഷം കേരളത്തില്‍ മേല്‍ക്കോയ്മ നേടുമെന്ന് പ്രവചിക്കുന്നു.

40.80 ശതമാനം വോട്ട് ഷെയറോടെ 7 മുതല്‍ 9 സീറ്റുകള്‍ വരെ നേടി യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു.

എന്‍ഡിഎ 15.20 ശതമാനം വോട്ടുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോള്‍ മറ്റുള്ളവര്‍ 1.90 ശതമാനം വോട്ട് ഷെയര്‍ കരസ്തമാക്കും.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവി‍ളിച്ച് ശബരിമലയും വര്‍ഗീയ വിഷയങ്ങളും പ്രചാരണായുധമാക്കിയ ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പ്രവചിക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന ജനങ്ങള്‍ നേരിടുന്ന എറ്റവും വലിയ പ്രശ്നങ്ങള്‍ ഏതെന്ന് ചോയ്സുകള്‍ ഇല്ലാതെ ചോദിച്ച ചോദ്യത്തിന് എറ്റവും കൂടുതല്‍ ആളുകള്‍ (26.30 ശതമാനം) ജനങ്ങള്‍ അഭിപ്രായപ്പെട്ടത് തൊ‍ഴിലില്ലായ്മയാണ്.

15.20 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെട്ടത് അതിര്‍ത്തി പ്രശ്നങ്ങളാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നമെന്ന് അഭിപ്രായപ്പെടുന്നു.

അ‍ഴിമതി 12.10 ശതമാനം, വര്‍ഗീയത 12 ശതമാനം തുടങ്ങി വിലക്കയറ്റവും ഭീകരതയും കാര്‍ഷിക പ്രശ്നങ്ങളും എല്ലാം പ്രശ്നങ്ങളായി ജനങ്ങള്‍ ഉന്നയിച്ചു.

കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ 67.70 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 25.30 ശതമാനം പേരാണ് തൃപ്തി രേഖപ്പെടുത്തിയത്. 7 ശതമാനം പേര്‍ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല.

മോദി സര്‍ക്കാറിന്‍റെ എറ്റവും നല്ല നടപടിയായി പെന്‍ഷന്‍ പദ്ധതിയെ 14.10 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ നോട്ട് നിരോധനത്തെ 11.30 ശതമാനം ജനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്‍റെ നല്ല നടപടിയായി കണ്ടത്.

എന്നാല്‍ 62.30 ശതമാനം ജനങ്ങള്‍ നോട്ട് നിരോധനം സര്‍ക്കാറിന്‍റെ എറ്റവും മോശം നടപടിയായി കാണുന്നു. 23.20 ശതമാനം ജനങ്ങള്‍ ജിഎസ്ടി കേന്ദ്ര സര്‍ക്കാരിന്‍റെ മോശം നടപടിയായി അഭിപ്രായപ്പെട്ടപ്പോള്‍ 7.50 ശതമാനം ജനങ്ങള്‍ അ‍ഴിമതി വിരുദ്ധ നടപടി സര്‍ക്കാരിന്‍റെ എറ്റവും മോശം നടപടിയായി കാണുന്നു.

നോട്ട് നിരോധനം സര്‍ക്കാരിന്‍റെ തെറ്റായ നടപടിയായി 75 ശതമാനം ജനങ്ങള്‍ കണ്ടപ്പോള്‍ 11.70 ശതമാനം ജനങ്ങളാണ് ഇത് ശരിയായ നടപടിയായി കണ്ടത് 13.30 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് 14.70 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 71.30 ശതമാനം പേരും മോദി ഭരണം അവസാനിക്കണമെന്ന് അഭിപ്രായമുള്ളവരാണ്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പാടില്ലെന്ന് 76 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടപ്പോള്‍ 14.30 ശതമാനം ജനങ്ങള്‍ മാത്രമാണ് ഈ വര്‍ഗീയ പ്രചാരണത്തിന് അനുകൂല നിലപാടെടുത്തത്.

റഫാലില്‍ അ‍ഴിമതിയുണ്ടെന്ന് 60 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടപ്പോള്‍ 13.30 ശതമാനം പേര്‍ ഉണ്ടാകാമെന്ന് അഭിപ്രായം പറഞ്ഞു.

15000 സാമ്പിളുകളാണ് കേരളത്തിലെ 600 ബൂത്തുകളില്‍ നിന്നായി സിഡ ശേഖരിച്ചത്.