സഫാരി പാര്‍ക്കില്‍ കമ്പിവേലിക്കുള്ളിലൂടെ കൈ കടത്തി സിംഹത്തിനെ ഓമനിച്ച വിനോദ സഞ്ചാരിയുടെ കൈ സിംഹം കടിച്ചുകീറി.

പത്താം വിവാഹ വാര്‍ഷികാം ആഘോഷിക്കാന്‍ ഭാര്യയുമൊത്ത് ദക്ഷിണാഫ്രിക്കയില്‍ വിനോദസഞ്ചാരത്തിനെത്തിയ അമ്പത്തഞ്ചുകാരനായ പീറ്റര്‍ നോട്ട്‌ജെയ്ക്കാണ് സിംഹത്തിന്‍റെ കടിയേറ്റത്.

പാര്‍ക്കിലെ കമ്പി വേലിക്കിടയിലൂടെ കൈ കടത്തിയ പീറ്റര്‍ ആദ്യം ആണ്‍സിംഹത്തെ തലോടി. തലോടുന്നതിനൊപ്പം എന്നെ കടിച്ചാല്‍ ഞാനും തിരിച്ച് കടിയ്ക്കുമെന്ന് പീറ്റര്‍ സിംഹത്തോട് പറയുന്നത് സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ഇതിനിടെ സമീപത്തെത്തിയ പെണ്‍സിംഹത്തെ തലോടാന്‍ ശ്രമിക്കുന്നതിനിടെ സിംഹം പൊടുന്നനെ പീറ്ററിന്‍റെ കൈയില്‍ കടിക്കുകയായിരുന്നു. പീറ്ററിനെ കടിച്ച് വലിച്ച് വേലിക്കുള്ളിലേക്ക് കൊണ്ടുവരാനും സിംഹം ശ്രമിച്ചു.

പീറ്റര്‍ സിംഹത്തെ ലാളിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയ ഭാര്യ പീറ്ററിനെ സിംഹം കടിച്ചതോടെ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഏതാനും നിമിഷങ്ങള്‍ക്കകം സിംഹം കടി വിട്ടു. ഉടന്‍തന്നെ പീറ്ററിനെ ആശുപത്രിയിലേക്ക് മാറ്റി. അണുബാധയുണ്ടായ പീറ്ററിന്‍റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് പീറ്റര്‍ കമ്പിവേലിക്കുള്ളിലേക്ക് കൈയിട്ടതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.