കോണ്‍ഗ്രസ് നേതാവ് എംകെ രാഘവനെതിരായ കോ‍ഴ വിവാദം; ദൃശ്യങ്ങള്‍ കൃത്രിമമല്ല; കേസെടുത്ത് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്

കോൺഗ്രസ് നേതാവ് എം കെ രാഘവൻ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തിൽ
കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് പോലിസ് റിപ്പോർട്ട്.

ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഡി ജി പി ക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നാണ് ഡി ജി പി നിയമോപദേശം തേടിയത്.

കോഴിക്കോട് എ സി പി വാഹിദിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ ഒളിക്യാമറാ ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് പറയുന്നു.

ഇതിൽ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. അത് കൊണ്ട് എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷിക്കണം.

ശബ്ദം എഡിറ്റ് ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദ പരിശോധന ആവശ്യമാണ്. കണ്ണൂർ റേഞ്ച് ഐ ജി M R അജിത്കുമാറാണ് ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ടി വി 9 ഭാരത് വർഷ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ സി പി ഐ (എം) ആണെന്ന രാഘവന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

കേസെടുക്കുന്നത് സംബന്ധിച്ച് ഡി ജി പി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകും.

എം കെ രാഘവന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത് വിട്ട Tv 9 ഭാരത് വർഷ ചാനൽ സംഘത്തിന്റെ മൊഴി അന്വേഷണ സംഘം ഡൽഹിയിൽ എത്തി രേഖപ്പെടുത്തിയിരുന്നു.

ചാനൽ പുറത്ത് വിട്ട വാർത്തയുടെ ഒറിജിനൽ ഫുട്ടേജും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്ട് വ്യവസായ സംരംഭത്തിനായി 15 ഏക്കർ ഭൂമി ആവശ്യപ്പെട്ടാണ് ചാനൽ സംഘം രാഘവനെ സമീപിച്ചത്. കമ്മീഷനായി 5 കോടി രൂപ നൽകാമെന്നും ഇവർ പറഞ്ഞു.

സംഭാഷണവും ദൃശ്യങ്ങളും ഒളിക്യാമറയിൽ പകർത്തിയ സംഘം വാർത്ത പുറത്ത് വിട്ടതോടെയാണ് എം കെ രാഘവൻ വെട്ടിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here