വരാനിരിക്കുന്ന രാഷ്ട്രീയ മഹാഭാരതയുദ്ധത്തില്‍ ബിജെപി പരാജയപ്പെടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

വരാനിരിക്കുന്ന രാഷ്ട്രീയ മഹാഭാരതയുദ്ധത്തില്‍ ബിജെപി പരാജയപ്പെടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൂട്ടാലിട, കക്കോടി, പേരാമ്പ്ര എന്നിവിടങ്ങളിലെ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ പാര്‍ടിയാണെന്ന് അവകാശപ്പെടുന്ന ബിജെപി മഹാഭാരത കഥ ഓര്‍ക്കുന്നത് നന്നായിരിക്കും. നൂറ് പടയാളികളുള്ള കൗരവപ്പടയെ തുരത്തിയത് അഞ്ചംഗ സേനയായ പാണ്ഡവരാണ്.

എല്ലാവരും ചേര്‍ന്ന് അഞ്ചു വിരലുകള്‍ ചുരുട്ടി മുഷ്ടിയുയര്‍ത്തിയാല്‍ പരാജയപ്പെടുത്താവുന്ന ശക്തി മാത്രമേ ഇന്നത്തെ ബിജെപിക്കുള്ളൂ. കൗരവപ്പടയിലെ എല്ലാവരുടെയും പേരുകള്‍ നാം ഓര്‍ക്കാറില്ല.

എന്നാല്‍ ദുഷ്ടശക്തികളായ ദുര്യോധനനെയും ദുശ്ശാസനനെയും നാം മറക്കില്ല. പുതിയ ഇന്ത്യയില്‍ നരേന്ദ്രമോഡി ദുര്യോധനനും അമിത്ഷാ ദുശ്ശാസനനുമാണ്.

അഞ്ചുവര്‍ഷക്കാലത്തെ നരേന്ദ്രമോഡിയുടെ ഭരണത്തില്‍ രാജ്യത്തെ മതനിരപേക്ഷത ഇല്ലാതായി. മോഡിക്ക് ബദല്‍ ഈ രാജ്യത്തെ ജനങ്ങള്‍ തന്നെയാണ്.

മോഡിയും ജനങ്ങളും തമ്മിലുള്ള മത്സരമാണിത്. ഇന്ത്യയില്‍ അഴിമതിരഹിത സര്‍ക്കാരാണെന്നാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. എന്നാല്‍ റഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയതിന്റെ പുതിയ തെളിവുകളാണ് ദിനംപ്രതി പുറത്തുവരുന്നത്.

ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതിപ്പണമാണ് ബിജെപിയിലേക്ക് എത്തുന്നത്. കടപ്പത്രത്തിന് രഹസ്യസ്വഭാവം വേണമെന്ന നിലപാട് കൈക്കൊണ്ടതിലൂടെ അഴിമതിയെ നിയമപരമായി സംരക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ബിജെപി ചെയ്തത്.

ഇലക്ഷന്‍ കമീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കടപ്പത്രത്തിലൂടെ 95 ശതമാനം പണവും ബിജെപിക്കാണ് ലഭിച്ചത്. പൊതുമേഖലകള്‍ വിറ്റുതുലച്ചു.

തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നത്. ഇതിന്റെ ഗുണം ലഭിക്കുന്നത് അദാനിയുടെ കമ്പനിക്കാണ്.

കോര്‍പറേറ്റുകളുടെ 11 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. അതേസമയം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയില്ല.

കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് രാഹുല്‍ ഗാന്ധിയും പറയുന്നു. എന്നാല്‍ ഒരുകാലത്ത് ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ ഈ രീതിയില്‍ മാറ്റിയതിനുപിന്നില്‍ ആദ്യത്തെ ഇ എം എസ് സര്‍ക്കാരാണെന്നത് മറക്കരുത്.

എല്ലാ മതവിഭാഗങ്ങളും മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തില്‍നിന്നാണ് മാനവികതയും മതേതരത്വവും പ്രധാനമന്ത്രി നരേന്ദ്രമോഡി കണ്ടുപഠിക്കേണ്ടത്.

ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുമെന്ന് മോഡി കഴിഞ്ഞ ദിവസം പറഞ്ഞു.

എന്നാല്‍ കേരളത്തിന്റെ സംസ്‌കാരത്തിനും ധാര്‍മികമൂല്യങ്ങള്‍ക്കും വിരുദ്ധമായി, മാനവികതയെ തകര്‍ക്കുന്ന നിലപാടാണ് മോഡി സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും.

വിദ്വേഷം, അക്രമം എന്നീ ആശയങ്ങളെയാണ് മോഡിയും കൂട്ടരും പ്രതിനിധീകരിക്കുന്നത്. ഇന്ത്യ പുതിയ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തിലും മികച്ച ഇടപെടലാണ് കേരളത്തിലെ ജനങ്ങള്‍ നടത്തിയത്.

1957ല്‍ ഇ എം എസ് സര്‍ക്കാര്‍ വന്നതുമുതല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കും. കേരളത്തില്‍ 20 സീറ്റില്‍ ഒന്നില്‍പ്പോലും ബിജെപി സ്ഥാനാര്‍ഥി ജയിക്കാതിരിക്കുക എന്നത് പ്രധാന ഉത്തരവാദിത്തമാണ്.

2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പക്വത കാണിച്ചു. അന്ന് 20 സീറ്റില്‍ 18ലും എല്‍ഡിഎഫ് വിജയിച്ചു. അതിനേക്കാളേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റിലും ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളത്. –യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News