ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി നേതൃത്വം അറിയാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു. നീലകണ്ഠന്റെ നടപടി അങ്ങേയറ്റം തെറ്റെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി

ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ സഖ്യ നീക്കങ്ങള്‍ അടഞ്ഞ സാഹചര്യത്തിലായിരുന്നു  കേരളത്തില്‍ യുഡിഎഫിന് ആംആദ്മി പിന്തുണ നല്കുമെന്ന സി ആര്‍ നീലകണ്ഠന്റെ പ്രഖ്യാപനം. നീലകണ്ഠന്റെ നടപടിയില്‍ ദേശീയ നേതൃത്വത്തിന് തന്നെ കടുത്ത അതൃപ്തിയാണ് ഉണ്ടായത്.

പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയോട് പോലും ആലോചിക്കാതെ സ്വന്തം നിലയില്‍ നിലപാടെടുത്ത നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. എന്നാല്‍ സി ആര്‍ നീലകണ്ഠന്‍ നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയാണെന്നും,യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച നീലകണ്ഠന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും വ്യക്തമാക്കിയ ആംആദ്മി പാര്‍ട്ടി നീലകണ്ഠനെ അടിയന്തരമായി പ്രാധമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അറിയിച്ചു.

അതേസമയം കേരളത്തില്‍ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് നിരുപാധികം പിന്തുണ നല്‍കുമെന്നും സോമ്‌നാഥ് ഭാരതി വ്യക്തമാക്കി. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം നീലോത്പല്‍ ബസുവും വാര്‍ത്താ സമ്മേളനവത്തില്‍ പങ്കെടുത്തു.

ആം ആദ്മിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ ദേശീയതലത്തില്‍ തന്നെ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന ആം ആദ്മി കോണ്‍ഗ്രസ് സഖ്യത്തിന്റെ എല്ലാ സാധ്യതകളും അടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News