അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ട്: പ്രഗ്യാ സിംഗ് ഠാക്കൂര്‍

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി നേതാവുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. പരാമര്‍ശത്തില്‍ ഭോപ്പാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഗ്യാസിംഗില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പുതിയ വിവാദ പരാമര്‍ശം.

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നുമാണ് വാര്‍ത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ തുറന്നു പറഞ്ഞത്.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ എന്തിന് പശ്ചാത്തപിക്കണം. വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്.

രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണര്‍ത്തുന്നുവെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍. പരാമാര്‍ശത്തില്‍ ഒരു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഭോപ്പാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഗ്യാ സിംഗിന് നോട്ടീസ് അയച്ചു.

കഴിഞ്ഞ ദിവസം ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യ സിംഗിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യയുടെ പരാമര്‍ശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here