കരുനാഗപ്പള്ളിയില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു

കരുനാഗപ്പള്ളിയില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ക്കും എസിപിയ്ക്കും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ വസന്തനും പരുക്കുപറ്റി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് നടന്ന എല്‍ഡിഎഫ് പ്രകടനത്തിനു നേരെയാണ് ബിജെപി – ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയത്.

എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സമാധാനപരമായി കൊട്ടിക്കലാശം നടത്തുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംഘം ബോധപൂര്‍വ്വം ആക്രമം അഴിച്ചുവിടുകയായിരുന്നു.

ആയിരത്തിലധികം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തിനു നേരെ ആര്‍ എസ് എസ് ആദ്യം കൊടിക്കമ്പുകള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് സംഘം എത്തിച്ചേര്‍ന്ന ടിപ്പര്‍ ലോറിയില്‍ നിന്നും നിര്‍ത്താതെ കല്ലെറിയുകയായിരുന്നു.

വഴിയാത്രക്കാരും കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. ഏറ് ശക്തമായതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ചിതറിയോടി.

ആക്രമികളെ നേരിടാന്‍ പോലീസ് എത്തിയതോടെ ആക്രമികള്‍ പടനായര്‍കുളങ്ങര ക്ഷേത്രവളപ്പിനുള്ളിലേക്ക് കയറി. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ നിന്നുമുണ്ടായ കല്ലേറില്‍ എസിപി അരുണ്‍ രാജിനും 2 പോലീസുകാര്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു

നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കല്ലേലിഭാഗം, ശാന്താലയത്തില്‍ ചന്തുവിന് തലയ്ക്ക് മാരകമായി പരുക്കേറ്റു.ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ വസന്തന് കാലിലും വയറിലും കല്ലേറില്‍ പരുക്കേറ്റു. ന്യൂസ് 18 ക്യാമറാമാന്‍ ഗോപു നീണ്ടകരയ്ക്ക് തലയ്ക്കും മിഡില്‍ ഈസ്റ്റ് ക്യാമറാമന്‍ ബിജു (36) വിന് മൂക്കിന്റെ പാലത്തിനും പല്ലുകള്‍ക്കും പരുക്കേറ്റു.

കൊച്ചാലുംമൂട് സ്വദേശിയായ എട്ടു വയസുകാരന്‍ നബീല്‍, അരമത്തുമഠം സ്വദേശി അഖില്‍, കുലശേഖരപുരം സ്വദേശികളായ സുജിത്ത്, ശശി എന്നിവര്‍ക്കും പരുക്കേറ്റു.ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി പേര്‍ക്ക് ദണ്ഡ് കൊണ്ടുള്ള അടിയിലും ഏറിലും പരുക്കേറ്റു.

എല്‍ ഡി എഫിന്റെ നിരവധി പ്രചരണ വാഹനങ്ങളും എറിഞ്ഞുതകര്‍ത്തു. തെരെഞ്ഞെടുപ്പ് പ്രചരണ കലാപരിപാടി കഴിഞ്ഞു പോയ ബാലസംഘത്തിന്റെ പ്രവര്‍ത്തകന്‍ അനന്തു (11) എന്ന കുട്ടിയേയും പിന്‍തുടര്‍ന്ന് ആക്രമിച്ചു. പ്രചരണ വാഹനത്തിന്റെ ഡ്രൈവര്‍ ബിജുവിന്റെ തലയ്ക്ക് കല്ലേറില്‍ പരുക്കേറ്റു.

സമാധാനപരമായി നടന്ന കലാശക്കൊട്ടിനു നേരെ ആര്‍ എസ് എസ് ബോധപൂര്‍വ്വം ആക്രമം അഴിച്ചുവിടുകയായിരുന്നു. ആയിരത്തിലധികം വരുന്ന സ്ത്രീകളുടെ പങ്കാളിത്തം എല്‍ ഡി എഫിന്റെ പ്രചരണ പരിപാടിയെ ശ്രദ്ധേയമാക്കിയിരുന്നു. ആര്‍ എസ് എസിനെ പ്രകോപ്പിപ്പിക്കുന്നതിന് ഇതും കാരണമായി.

അഞ്ചു മണിയോടെ സ്ത്രീകള്‍ക്കു നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് കല്ലേറ് തുടങ്ങിയത്. യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരുക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News