കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയം മുന്നില്‍ കണ്ടപ്പോള്‍ തന്റെ സന്തത സഹചാരിയുടെ ചെരുപ്പ് തനിക്കുനേരെ വലിച്ചെറിയിപ്പിച്ച് അതിന്റെ പഴി എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ചാരി സഹതാപവോട്ട് നേടിയാണ് കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനില്‍ അക്കര വിജയിച്ചത്.

വടക്കാഞ്ചേരിയില്‍ നടത്തി വിജയിച്ച നാടകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പയറ്റുകയാണ് അനില്‍ അക്കരയും കൂട്ടാളികളും.

കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനുനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് വ്യാജപ്രചരണം നടത്തുന്നത്. എന്നാല്‍ ദയനീയ തോല്‍വി ഭയന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

യുഡിഎഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ, മേലാര്‍കോട് പഞ്ചായത്ത് പ്രസിഡന്റ് എം മായന്‍, അബു, സന്തോഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

യുഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ എം മായന് കാലിലും കെ ഡി പ്രസേനന് നെഞ്ചിലുമാണ് പരിക്കേറ്റത്.

സന്തോഷിനും ശരീരത്തില്‍ മുറിവുണ്ട്. മൂവരേയും ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബു പാലക്കാട് സ്വകാര്യ ആശുപത്രിയിലാണ്.

അക്രമത്തിന് നേതൃത്വം നല്‍കിയത് അനില്‍ അക്കരയും സംഘവുമാണ്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപും കല്ലെറിയുന്നത് നാട്ടുകാര്‍ കണ്ടു.

സംഭവശേഷം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ രമ്യക്ക് കല്ലേറില്‍ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആലത്തൂര്‍ ടൗണിലാണ് അക്രമം നടന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോ വൈകിട്ട് ആറിന് ആലത്തൂര്‍ ദേശീയ മൈതാനിയില്‍ സമാപിച്ചു. എല്‍ഡിഎഫ് കൊട്ടിക്കലാശം സമാപിച്ച സ്വാതി ജങ്ഷനിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ കോര്‍ട്ട് റോഡ് വഴി പോകുന്നത് പൊലീസ് വിലക്കി.

മെയിന്റോഡ് വഴി പോകണമെന്ന പൊലീസിന്റെ അഭ്യര്‍ഥന വകവയ്ക്കാതെ അവര്‍ മുന്നോട്ട് നീങ്ങി. ഈ സമയത്താണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News