വർഗീയ പരാമർശങ്ങൾക്കൊപ്പം രാജ്യത്തെ അപകടത്തിലാക്കുന്ന പ്രസ‌്താവനകളും; മോദിയും അമിത് ഷായും നടത്തുന്നത് അതിരുവിട്ട പ്രസ‌്താവനകള്‍

വർഗീയ പരാമർശങ്ങൾക്കൊപ്പം രാജ്യത്തെ അപകടത്തിലാക്കുന്ന പ്രസ‌്താവനകളാണ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ‌് റാലികളിൽ നിരന്തരം ഉപയോഗിക്കുന്നത‌്. ഇന്ത്യക്കും ആണവായുധങ്ങൾ ഉണ്ടെന്നും അത‌് ദീപാവലിക്ക‌് പൊട്ടിക്കാൻ വച്ചിരിക്കുന്നതല്ലെന്നുമാണ‌് മോഡിയുടെ പുതിയ പ്രസ‌്താവന.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ബാർമറിൽവച്ച‌് പാകിസ്ഥാനുമായുള്ള സംഘർഷങ്ങൾ ഓർമിപ്പിച്ചാണ‌് മോഡിയുടെ പരാമർശം. പാകിസ്ഥാന്റെ ഭീഷണികളെ ഭയക്കുന്നത‌് ഇന്ത്യ അവസാനിപ്പിച്ചു. തങ്ങൾക്ക‌് ആണവായുധ ബട്ടൺ ഉണ്ടെന്നാണ‌് അവർ പറയുന്നത‌്. തങ്ങളുടേത‌് ദീപാവലിക്ക‌് പൊട്ടിക്കാൻ വച്ചിരിക്കയാണോ–- എന്നായിരുന്നു മോഡിയുടെ ചോദ്യം.

പാകിസ്ഥാനിൽ ഇന്ത്യ ആണവായുധം പ്രയോഗിച്ചാൽ അപകടത്തിലാകുന്ന നാട്ടിൽനിന്നാണ‌് മോഡി തന്റെ പദവിയുടെ ഉത്തരവാദിത്തം മനസിലാക്കാത്ത പ്രസ‌്താവന നടത്തിയതെന്ന‌് നിരീക്ഷകർ ചൂണ്ടിക്കാട്ടി. ആണവാക്രമണം നടന്നാൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബാർമറിലെ ജനങ്ങളുൾപ്പെടെ ഇന്ത്യയും അപകടത്തിലാകുമെന്ന‌താണ‌് വസ‌്തുത.

സൈന്യത്തേയും സൈനിക നടപടികളെയും തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ‌് കമീഷന്റെ നിർദേശം കാറ്റിൽപറത്തിയാണ‌് മോഡിയുടെ പ്രചാരണം. സൈനിക നടപടികളെക്കുറിച്ച‌് പറയുകയല്ലാതെ താൻ ഭജന പാടുകയാണോ വേണ്ടതെന്ന‌് മോഡി ചോദിച്ചു.

വിങ‌് കമാൻഡർ അഭിനന്ദൻ വർധമാനെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന‌് താൻ പാകിസ്ഥാന‌് താക്കീത‌് നൽകിയിരുന്നെന്ന‌് മോഡി അവകാശപ്പെട്ടു. 12 മിസൈലുകൾ ഇതിനായി തയാറാക്കി വച്ചിരുന്നെന്ന‌് അമേരിക്ക പറഞ്ഞത‌് ശരിയായിരുന്നു.

ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കും പുൽവാമയിൽ രക്തസാക്ഷികളായ സൈനികർക്കും വോട്ടുകൾ സമർപ്പിക്കണമെന്ന‌ും മോഡി ലാത്തൂരിലെ റാലിയിൽ പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ച‌ ഇത്തരം പരാമർശങ്ങളിലൊന്നും തെരഞ്ഞെടുപ്പ‌് കമീഷൻ നടപടി എടുത്തില്ല.

മലേഗാവ‌് സ‌്ഫോടനക്കേസ‌് പ്രതിയായ പ്രഗ്യാസിങ‌് താക്കൂറിനെ ഭോപ്പാൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാക്കിയതിനെ പിന്തുണച്ച‌് അമിത‌് ഷാ രംഗത്തെത്തി. ബാബ‌്റി മസ‌്ജിദ‌് പൊളിച്ചതിൽ അഭിമാനം കൊള്ളുന്നെന്ന പ്രഗ്യാസിങ്ങിന്റെ പ്രസ‌്താവനയ‌്ക്കു പിന്നാലെയാണ‌് പിന്തുണ. മലേഗാവ‌് സ‌്ഫോടനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സ്ഥാനാർഥിയാക്കിയ തീരുമാനം പൂർണ്ണമായും ശരിയാണെന്നും അമിത‌് ഷാ പറഞ്ഞു.

വിദ്വേഷ പരാമർശത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ‌് കമീഷൻ ഏർപ്പെടുത്തിയ വിലക്ക‌് കഴിഞ്ഞതോടെ സൈന്യത്തെയടക്കം പ്രസംഗങ്ങളിൽ ഉൾക്കൊള്ളിച്ച‌് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് വീണ്ടും രംഗത്തുവന്നു. സൈന്യത്തെ മോഡിയുടെ സേന എന്ന‌് അധിക്ഷേപിച്ചതിന‌് ആദിത്യനാഥിനെ താക്കീത‌് ചെയ‌്തിരുന്നു. മോഡിക്കു കീഴിൽ ശക്തമായ ഒരു ഇന്ത്യയെ സൈന്യം ദൃശ്യമാക്കണമെന്ന‌് ആദിത്യനാഥ‌് പറഞ്ഞു. സമാജ‌്‌വാദി സ്ഥാനാർഥി ഷഫീഖുർ റഹ‌്മാൻ ബാർഖ‌് മുഗൾ ഭരണാധികാരി ബാബറിന്റെ പിന്തുടർച്ചക്കാരനാണെന്ന‌ും ആദിത്യനാഥ‌് പറഞ്ഞു.

ഈ പരാമർശത്തെക്കുറിച്ച‌് തെരഞ്ഞെടുപ്പ‌് കമീഷന‌് റിപ്പോർട്ട‌് നൽകുമെന്ന‌് അഡീഷണൽ ചീഫ‌് തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥൻ ബി ആർ തിവാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News