ഈ തെരഞ്ഞെടുപ്പ് നിര്‍ണായകം: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സിപിഐഎം; ദുരന്തംവിതച്ച ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കുക പ്രധാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. സ്വാതന്ത്ര്യസമരാനന്തരം ഉയര്‍ന്നുവന്ന ഗുണപരമായ മൂല്യങ്ങളെല്ലാം നിലനില്‍ക്കണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയേ മതിയാകൂ.

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും പാര്‍ലമെന്ററി ജനാധിപത്യവും ഫെഡറല്‍ സംവിധാനങ്ങളും സമത്വത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകളും നിലനില്‍ക്കുന്നതിന് ഇത് അനിവാര്യമാണ്. സമസ്തമേഖലകളിലും ദുരന്തംവിതച്ച ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കുക എന്നത് പ്രധാനമാണ്.

താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗീയതയുമായി സന്ധി ചെയ്യുകയാണ് കോണ്‍ഗ്രസ്. ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസിന്റെ ഇത്തരം നടപടിയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

അതിനാലാണ് പിസിസി പ്രസിഡന്റുമാര്‍ തൊട്ട് സാധാരണ പ്രവര്‍ത്തകര്‍വരെ ബിജെപിയിലേക്ക് ചേക്കേറുന്നത്. പൊതുമേഖലാ സ്വകാര്യവല്‍ക്കരണം, സബ്‌സിഡികള്‍ ഇല്ലാതാക്കല്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ സ്വകാര്യവല്‍ക്കരിക്കല്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളെ തകര്‍ക്കല്‍ തുടങ്ങിയ ജനവിരുദ്ധ നയങ്ങളിലെല്ലാം ബിജെപിക്കും കോണ്‍ഗ്രസിനും ഒരേസമീപനമാണ്.

മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ആഗോളവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാനും ജനകീയ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും പൊരുതുന്നത് ഇടതുപക്ഷമാണ്. കേരളത്തിലാവട്ടെ ഇത്തരം നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി രാജ്യത്തിന് മാതൃകയായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.

ബിജെപിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ മതനിരപേക്ഷ കക്ഷികള്‍ യോജിച്ചുപൊരുതുകയാണ്. അതിനുകരുത്തു പകരണമെങ്കില്‍ മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന് ജനതാല്‍പ്പര്യം സംരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിക്കണം.

അധികാരത്തിലെത്തുന്ന മതനിരപേക്ഷ സര്‍ക്കാരിന്റെ ജനകീയ താല്‍പ്പര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് അതില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം എത്രത്തോളമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.

എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും ഒളിഞ്ഞുംതെളിഞ്ഞും സഖ്യമുണ്ടാക്കി മുന്നോട്ടുപോവുകയാണ്. വംശഹത്യയുടെയും വര്‍ഗീയ കലാപങ്ങളുടെയും സൂത്രധാരകരെ കേരളത്തില്‍ കൊണ്ടുവന്ന് മതനിരപേക്ഷ പാരമ്പര്യങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല. മതനിരപേക്ഷതയും സാമൂഹ്യനീതിയും നവോത്ഥാന കാഴ്ചപ്പാടുകളും വികസന നയങ്ങളും മുന്നോട്ടുവയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്നത് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

നാടിന്റെ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുതകുന്നവിധം വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട് സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News