കേരളം വിധിയെഴുതുന്നു: വര്‍ഗീയത തകര്‍ന്നടിയുന്നത് ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി; ദുരന്തംവിതച്ച ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കുക പ്രധാനമെന്ന് സിപിഐഎം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളം വിധിയെഴുതുന്നു.

നവോത്ഥാന കേരളത്തിന്റെ നിലനില്‍പിനും അസ്വസ്ഥതയില്‍ നീറിപ്പുകയുന്ന രാജ്യത്തെ വീണ്ടെടുക്കാനും 2.61 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈയും കലര്‍പ്പില്ലാത്ത മതേതരനിലപാടും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സംസ്ഥാനമെങ്ങും എല്‍ഡിഎഫ് അനുകൂല തരംഗമുയര്‍ത്തിയിട്ടുണ്ട്.

ബിജെപി ഇനിയൊരിക്കലും അധികാരത്തില്‍ വരരുതെന്ന ഉറച്ച നിലപാടിലാണ് കേരളീയര്‍. ഒപ്പം സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയ യുഡിഎഫിന് ശക്തമായ താക്കീതും നല്‍കും.

 ചിലരുടെ അതിമോഹം തകര്‍ന്നടിയും

തെരഞ്ഞെടുപ്പോടെ ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപവും വംശഹത്യയും സംഘടിപ്പിച്ചവര്‍ ഇവിടെവന്നു റോഡ് ഷോ നടത്തി ജനങ്ങള്‍ പാട്ടിലാക്കാം എന്നു കരുതി. രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആകട്ടെ സ്വന്തം പ്രകടന പത്രികയെപ്പറ്റി പോലും ഇവിടെ മിണ്ടിയില്ല.

വസ്തുതാവിരുദ്ധമായ പ്രചരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് അതുവഴി വോട്ടുനേടാം എന്ന് അവര്‍ കരുതി. ഈ രണ്ടുകൂട്ടരുടെയും മോഹങ്ങള്‍ നടപ്പില്ല. എല്‍ഡിഎഫ് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. പ്രശംസനീയമായ വിജയം നേടുകയും ചെയ്യും.

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് ബുദ്ധിമുട്ടുണ്ടാക്കി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസും ബിജെപിയും കേന്ദ്രീകരിച്ചത് വിശ്വാസികളെ കബളിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ വോട്ടുപിടിക്കാന്‍

കോണ്‍ഗ്രസും ബിജെപിയും കേന്ദ്രീകരിച്ചത് വിശ്വാസികളെ കബളിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ വോട്ടുപിടിക്കാനാണെന്ന് കോടിയേരി പറഞ്ഞു.

വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പമാണെന്ന് പ്രചാരണ ഘട്ടത്തില്‍ വ്യക്തമായി. ശബരിമലയുടെ പേരില്‍ ഉയര്‍ത്തിയ വിവാദം വര്‍ഗീയ വികാരം ഇളക്കിവിടാനാണ് ഇരുകൂട്ടരും ശ്രമിച്ചതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളും സ്ഥാനാര്‍ത്ഥികളും വോട്ട്ചെയ്തു

രാവിലെ ഏഴിനു തന്നെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥാനാര്‍ത്ഥികളും വോട്ട്ചെയ്തു. കണ്ണൂരിലെ പിണറായി ആര്‍സി അമല സ്‌കൂളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയത്.

മന്ത്രി സി. രവീന്ദ്രനാഫ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലും, മന്ത്രി ജി.സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും ആലപ്പുഴ പറവൂര്‍ പനയക്കുളങ്ങര എച്ച്.എസ്.എസിലും, പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് കയില്യാട് മാമ്പറ്റപ്പടി കെ.വി ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ യു പി സ്‌കൂളിലും വോട്ട് ചെയ്തു.

നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തും ചലച്ചിത്ര സംവിധായകന്‍ ഫാസിലും മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി.സ്‌കൂളിലെ ബൂത്തിലും വോട്ട്ചെയ്തു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് രാവിലെ 8 മണിക്ക്
പീച്ചി കണ്ണാറ അഡജടല്‍ വോട്ട് ചെയ്തു.

എറണാകുളത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും വോട്ട് രേഖപ്പെടുത്തി.

പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ പുത്തന്‍വീട്ടല്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലെ എടവണ്ണ പഞ്ചായത്തിലെ ഒതായി പെരകമണ്ണ മദ്രസയില്‍ (ബൂത്ത് നമ്പര്‍ 90) വോട്ട് രേഖപ്പെടുത്തി. വിപി സാനു, കോട്ടക്കല്‍ പാണ്ടികശാല 166-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

അതേസമയം, ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയത് പോളിങ്ങിനെ ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here