തിരുവനന്തപുരം: പ്രചാരണത്തില്‍ മുറ്റിനിന്ന ആവേശവും വീറുംവാശിയും തരിമ്പും ചോരാതെ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം റെക്കോഡ് പോളിങ്ങോടെ വിധിയെഴുതി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് നില മറികടന്ന് 78 ശതമാനത്തോളംപേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്. 74.04 ശതമാനമാണ് 2014ലെ പോളിങ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.05 ശതമാനമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും ഇത്തവണ പോളിങ് 70 ശതമാനത്തിന് മുകളിലാണ്.

കണ്ണൂര്‍ (82.26), വയനാട് (80.01) മണ്ഡലങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. കുറവ് തിരുവനന്തപുരത്താണ് (73.37). മെയ് 23നാണ് വോട്ടെണ്ണല്‍.

35 വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുമ്പ് 1984ലാണ് പോളിങ് 77 ശതമാനമായി ഉയര്‍ന്നത്.

17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകാന്‍ ഇനി നാല് ഘട്ടങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.