ദില്ലി: വോട്ട് ചെയ്യാനെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് മോദി റോഡ് ഷോ നടത്തിയത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

മോദിയെ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ പോളിംഗ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂറിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളോ ജാഥകളോ പരിപാടികളോ നടത്താന്‍ പാടില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മോദി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ വില വയ്ക്കുന്നില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.