‘ബില്‍ക്കീസ് പോരാട്ടം കൊണ്ട് എന്റെ രക്തത്തെ തൊടുന്നു; അവള്‍ കൈവിടാത്ത പ്രത്യാശയുടെ പേര്’

2002ലെ ഗുജറാത്ത് കലാപത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനു ഇനി നീതിക്കായുളള പോരാട്ടത്തിന്റെ പാതയിലെ പ്രകാശ ഗോപുരമാണ്. പ്രത്യേകിച്ചും അതിജീവനത്തിനായി പോരാടുന്ന സ്ത്രീകള്‍ക്ക്.

കാന്‍സറുമായുള്ള പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ രക്തബന്ധുവായി തീര്‍ന്ന കൂട്ടുകാരി ബില്‍ക്കീസിനെപ്പോലെ ഗുജറാത്തിലെ ബില്‍ക്കീസ് ബാനുവും തനിക്ക് പ്രത്യാശയുടെ മറ്റൊരു പേരാണെന്ന് എഴുതുന്നു തിരക്കാഥാകാരിയും ഡബ്ലൂസിസി നേതാവുമാമായ ദീദി ദാമോദരന്‍.

ബലാത്സംഗ ഭീകരരെ ജയിലിലടപ്പിച്ച് നീതിയുടെ പര്യായമായി മാറിയ ബില്‍ക്കീസിന് പിന്തുണയര്‍പ്പിച്ച് ദീദി ദാമോദരന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം:

”ബില്‍കിസ് എന്നത് എനിക്ക് കാന്‍സറിനെതിരെയുള്ള അതിജീവനപ്പോരാട്ടത്തില്‍ വഴിയില്‍ വച്ച് നഷ്ടപ്പെട്ട കൂട്ടുകാരിയുടെ പേരാണ്. വിടപറയും മുമ്പ് അവളുടെ മകളുടെ വിവാഹത്തിന് ഞാനുണ്ടായിരിക്കണമെന്ന് ഉറപ്പു വരുത്താന്‍ ആദ്യത്തെ കല്യാണക്കത്തില്‍ എന്റെ പേരെഴുതി വച്ചാണ് അവള്‍ പോയത്.

കാന്‍സര്‍ വാര്‍ഡിനകത്തെ പോരാട്ടങ്ങള്‍ക്ക് രക്ത ബന്ധത്തേക്കാള്‍ വിലയുണ്ട് എന്നറിഞ്ഞത് അവളുടെ അവസാന പോരാട്ടത്തിന് സാക്ഷിയാകേണ്ടി വന്നപ്പോഴാണ്. പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടവള്‍ എന്നോട് പറഞ്ഞു. പേടിക്കണ്ട. എനിക്ക് വന്നതല്ല നിനക്ക് വന്നത്. ഇതുപോലൊന്നും നിനക്കുണ്ടാവില്ല ,അല്ലേ ഡോക്ടര്‍.

വീണ്ടുമിതാ മറ്റൊരു ബില്‍കിസ് മറ്റൊരു അതിജീവന പോരാട്ടത്തില്‍ എന്റെ രക്തത്തെ തൊടുന്നു. 2002 ല്‍ ഗുജറാത്തില്‍ ഒരു കൂട്ടക്കൊലയേ നടന്നിട്ടില്ലെന്ന മട്ടില്‍ അഭിനയിക്കുകയായിരുന്നു രാജ്യം ഇതുവരെ. കൊലപാതകികളൊക്കെ മിക്കവാറും രക്ഷപ്പെട്ടു കഴിഞ്ഞു.

ഇവിടെയാണ് ബില്‍കിസ് ബാനു എന്നത് നീണ്ട പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഉദിച്ചുയരുന്നത്. നമ്മുടെ രാജ്യത്ത് നീതിക്ക് സഞ്ചരിക്കേണ്ട ദൂരം 17 വര്‍ഷമാണ് എന്ന് കാലത്തില്‍ അടയാളപ്പെടുത്തിയ പോരാട്ടത്തിന്റെ പേരാണ് എനിക്കിന്ന് അവള്‍.

സ്വതന്ത്ര ഇന്ത്യയില്‍ കലാപത്തിനിടയില്‍ ബലാത്സംഗത്തിന് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമായി ബില്‍കിസിന്റെ പോരാട്ടത്തിലാണ് എന്നറിയുമ്പോഴാണ് ഞാന്‍ ജീവിക്കുന്ന രാജ്യം എത്രമാത്രം സ്ത്രീകള്‍ക്ക് ദുസ്സഹമായ ഒന്നാണെന്നതിന്റെ തെളിവായി തിരിച്ചറിയപ്പെടുന്നത്.

ഗുജറാത്ത് കൂട്ടക്കൊലയോടനുബന്ധിച്ച് നടന്ന കൂട്ടബലാത്സംഗത്തിനിരയായ ബില്‍കിസിന് 50 ലക്ഷം രൂപയും തൊഴിലും താമസസ്ഥലവും നഷ്ടപരിഹാരമായി നല്‍കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബില്‍കിസിന്റ കുട്ടിയടക്കം ഏഴു പേരെയാണ് ലോറിയില്‍ രക്ഷപ്പെടുമ്പോള്‍ ഹിന്ദു ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. (ഭീകരര്‍ എല്ലാം മുസ്ലീമാണെന്നാണ് നമ്മുടെ കീഴ്വഴക്കം , ആചാരവും ) അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍കിസിനെയാണ് അവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

എന്നാല്‍ എല്ലാ ഭീഷണികള്‍ക്കിടയിലും 20 തവണ വീട് മാറി , മൊഴി മാറ്റാതെ ഉറച്ചു നിന്ന ബില്‍കിസ് ഒടുവില്‍ ഹിന്ദു ഭീകരരെയും കൂട്ടബലാത്സംഗക്കാരെയും ജയിലടപ്പിച്ച് നീതിയുടെ പര്യായമായി.

ഓര്‍ത്തു വയ്ക്കണം ഈ ഭീകരരുടെ പേരുകള്‍: ജസ്വന്ത് നായി , ഗോവിന്ദ് നായി , ശൈലേഷ് ഭട്ട് , രാധേശാം ഭഗവന്‍ ദാസ് ഷാ , ബിപിന്‍ ചന്ദ്ര ജോഷി ,കേസര്‍ ഭായി വൊഹാനിയ , പ്രദീപ് മോര്‍ധിയ, ബകാഭായി വൊഹാനായ , രാജു ഭായ് സോണി , മിതേഷ് ഭട്ട് , രമേഷ് ചന്ദന .
എല്ലാ ബലാത്സംഗികളും തുലയട്ടെ.

ബലാത്സംഗി കളുള്ള കാലം വരെയും എന്റെ രാജ്യം സ്ത്രീകളുടെ രാജ്യം എന്നു് വിളിക്കാനാവാത്ത വിധം രോഗാതുരമാണ്.

ബില്‍കിസ് , അതൊരു പ്രത്യാശയുടെ പേരാണ്. കൈവിടാത്ത പോരാട്ടത്തിന്റെ പ്രത്യാശയുടെ പേര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News