ഏറ്റുമാനൂരില്‍ വീട്ടുജോലിക്കാരിയുടെ കൊലപാതകം: പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ

കോട്ടയം: ഏറ്റുമാനൂരില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍.

ഏറ്റുമാനൂര്‍ കട്ടച്ചിറ കടവില്‍ പി ആര്‍ രാജന്റെ ഭാര്യ ഉഷാ രാജനെ(50)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയും വീട്ടുജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതി അവശനിലയില്‍ ആയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 30,000 രൂപയ്ക്ക് വേണ്ടിയാണ് പ്രതി കുറ്റകൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ഏറ്റുമാനൂര്‍ വിമല ആശുപത്രിയ്ക്കു സമീപം വീട്ടുജോലിക്കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ഉഷയും, പ്രതിയായ പ്രഭാകരനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഉഷ നേരത്തെ പ്രഭാകരന്റെ കൈയില്‍നിന്ന് പല തവണയായി മുപ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.

ഈ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഉഷ തിരികെ നല്‍കിയിരുന്നില്ല. ഇതില്‍ പ്രഭാകരന്‍ ക്ഷുഭിതനായിരുന്നു. പല തവണ ഇവരെ വിളിച്ചിട്ടും ഫോണ്‍ എടുക്കാനോ പണം നല്‍കാനോ തയ്യാറായില്ല.

ഇതേതുടര്‍ന്ന് തന്ത്രത്തില്‍ ഇവരെ വിമല ആശുപത്രിയ്ക്ക് സമീപത്തെ പാനൂര്‍ ടോമി ജോസഫിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ടോമി ജോസഫിന്റെ വീട് നോക്കുന്നതും, ഇവിടുത്തെ ജോലികള്‍ ചെയ്യുന്നതും പ്രഭാകരനായിരുന്നു.

ഇവിടെ എത്തിച്ചശേഷം പ്രഭാകരന്‍ ഉഷയോട് പണം ആവശ്യപ്പെട്ടു. മകളുടെ വിവാഹമായതിനാല്‍ ഉഷയുടെ കൈയില്‍ പണമുണ്ടെന്നായിരുന്നു പ്രഭാകരന്‍ കരുതിയിരുന്നത്. എന്നാല്‍, ഇതേച്ചൊല്ലി തര്‍ക്കമുണ്ടായതിനൊടുവില്‍ പ്രഭാകരന്‍ ഉഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന മൊഴി.

സംഭവത്തിനുശേഷം ഇടുക്കി ഭാഗത്തേയ്ക്ക് ഒളിവില്‍പോയ പ്രതി രാത്രി വൈകി പള്ളിക്കത്തോട് ഭാഗത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പിനായി ഏറ്റുമാനൂരില്‍ കൊണ്ടുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News