ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന; അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണം വിരമിച്ച സുപ്രീംകോടതി ജഡ്ജ് എ കെ പട്നായിക് അന്വേഷിക്കും.

ദില്ലി പൊലീസ് കമ്മീഷണര്‍, ഐ ബി, സി ബി ഐ എന്നിവരും അന്വേഷണത്തിന് സഹായിക്കണം. അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ചുമതലകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണമാണ് മുന്‍ സുപ്രീംകോടതി ജഡ്ജ് എ കെ പട്നായിക് അന്വേഷിക്കുക. ദില്ലി പൊലീസ്, ഐ ബി, സി ബി ഐ എന്നിവരുടെ സഹായത്തോടെയാകും അന്വേഷണം.

മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

രാജ്യത്തെ പണക്കാര്‍ക്ക് കോടതിയെ നിയന്ത്രിക്കാന്‍ ആകില്ലെന്നും അവര്‍ കളിക്കുന്നത് തീക്കളിയാണെന്നും രാവിലെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിലയന്‍സിന് വേണ്ടി വിധി തിരുത്തിയ 2 ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കാട്ടി അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സ് നല്‍കിയ അധിക സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അധിക സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തിന് അഭിഭാഷക നിയമപ്രകാരം സവിശേഷ അധികാരം ഉണ്ടെന്ന ബയന്‍സിന്റെ വാദം കോടതി അംഗീകരിച്ചില്ല.

റിമോട്ട് കണ്‍ട്രോളിലൂടെ കോടതിയെ നിയന്ത്രിക്കുന്നു എന്ന ആരോപണങ്ങള്‍ ദിവസേന പുറത്തു വരുന്നു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ വഴിവിട്ട ശ്രമം നടക്കുന്നു എന്നും പറയുന്നു. ഇതില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു.

അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ചുമതലകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here