ഒമ്പത് സംസ്ഥാനങ്ങള്‍ ഇന്ന് വിധിയെ‍ഴുതും; നാലാംഘട്ടം 71 മണ്ഡലങ്ങളില്‍; മത്സരരംഗത്ത് 945 സ്ഥാനാര്‍ത്ഥികള്‍

ന്യൂഡൽഹി: ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഒമ്പത‌് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടക്കും.

മഹാരാഷ്ട്ര–- 13, യുപി, രാജസ്ഥാൻ–- 13 വീതം, ബംഗാർ–- എട്ട‌്, മധ്യപ്രദേശ‌്, ഒഡീഷ–- ആറ‌് , ബിഹാർ–- അഞ്ച‌്, ജാർഖണ്ഡ‌്–- മൂന്ന‌് എന്നിങ്ങനെയാണ‌് വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ജമ്മു–-കശ‌്മീരിലെ അനന്ത‌്നാഗിലെ ചില ബൂത്തുകളിലും നാലാം ഘട്ടത്തിൽ വോട്ടെടുപ്പ‌് നടക്കും.

നാലാം ഘട്ടം ഭരണമുന്നണിയായ എൻഡിഎയ‌്ക്ക‌് നിർണായകമാണ‌്. 72 മണ്ഡലങ്ങളിൽ 57 ഇടത്തും 2014 ൽ എൻഡിഎ സ്ഥാനാർത്ഥികളാണ‌് ജയിച്ചത‌്. അതിൽ 46 ഉം ബിജെപിക്കായിരുന്നു. ഒമ്പത‌് സീറ്റിൽ സഖ്യകക്ഷിയായ ശിവസേന ജയിച്ചപ്പോൾ രണ്ടുസീറ്റിൽ എൽജെപി ജയിച്ചു.

യുപിയിൽ വോട്ടെടുപ്പ‌് നടക്കുന്ന 13 മണ്ഡലങ്ങളിൽ 12 ലും 2014 ൽ ബിജെപിയാണ‌് ജയിച്ചത‌്. കനൗജിൽ മാത്രം എസ‌്പിയുടെ ഡിംപിൾ യാദവ‌് ജയിച്ചു. രാജസ്ഥാനിൽ ബൂത്തിലേക്ക‌് നീങ്ങുന്ന 13 മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയ‌്ക്കായിരുന്നു ജയം.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്നും ബിജെപി പൂർണമായും കരകയറിയിട്ടില്ലാത്തതിനാൽ 2014 ആവർത്തിക്കുക എളുപ്പമല്ല. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ‌് നടക്കുന്ന ആറിൽ അഞ്ചിലും ബിജെപിയാണ‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത‌്.

സിപിഐയുടെ കനയ്യ കുമാർ മൽസരിക്കുന്ന ബെഗുസരായ‌് അടക്കം അഞ്ച‌് മണ്ഡലങ്ങളിലാണ‌് ബിഹാറിൽ തെരഞ്ഞെടുപ്പ‌്. കനയ്യക്ക‌് സീറ്റുനൽകാൻ ആർജെഡി വിസമ്മതിച്ചതോടെയാണ‌് മതേതര സഖ്യത്തിൽ നിന്ന‌് വേറിട്ട‌് ഇടതുപക്ഷത്തിന‌് മൽസരിക്കേണ്ടി വന്നത‌്. ഉജ്യാർപ്പുർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ അജയകുമാർ മൽസരരംഗത്തുണ്ട‌്.

ജാർഖണ്ഡിൽ വോട്ടെടുപ്പ‌് നടക്കുന്ന മൂന്ന‌് മണ്ഡലങ്ങളിലും 2014 ൽ ബിജെപി ജയിച്ചപ്പോൾ ഒഡിഷയിലെ ആറിടത്തും ബിജെഡിയ‌്ക്കായിരുന്നു ജയം.

ഒഡിഷിയിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് നടക്കുന്ന മണ്ഡലങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുണ്ട‌്. നാലാം ഘട്ടത്തോടെ ഒഡിഷയിൽ തെരഞ്ഞെടുപ്പ‌് പ്രക്രിയ പൂർത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here