ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്.നഗരത്തിൽ പരിശോധന കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റുകൾ നിരീക്ഷണത്തിലാണ്. ഹോട്ടലുകൾക്കും ഹോം സ്റ്റേകൾക്കും പോലീസ് ജാഗ്രതാ നിർദേശം നൽകി.

ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷീം മുൻപൊരിക്കൽ കേരളത്തിലെത്തിയിരുന്നു എന്ന് അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു.

കേരളത്തിൽ ചിലരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലും പോലീസ് സുരക്ഷ ശക്തമാക്കിയത്. സംശയമുള്ള ഇടങ്ങളിലെല്ലാം പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്.

ടൂറിസ്റ്റുകളെയെല്ലാം പോലീസ് നിരീക്ഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

താമസിക്കാൻ വരുന്നവരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു വെക്കാനും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.

കൂടാതെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലും പോലീസ് പരിശോധനകൾ നടത്തിവരികയാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലുള്ള ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളതെന്ന് കൊച്ചി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ പോലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചിരുന്നു.എന്നാൽ പിന്നീടിത് വ്യാജമാണെന്നും തെളിഞ്ഞിരുന്നു. എങ്കിലും മുൻകരുതൽ നടപടികൾ തുടരാൻ തന്നെയാണ് കൊച്ചി പോലീസിന്റെ തീരുമാനം.