ചൂടിനെ പഴിച്ചു മുംബൈ; ബൂത്തുകളില്‍ തിരക്കൊഴിഞ്ഞു

രാവിലെ ഏഴു മണി മുതല്‍ ഏകദേശം പത്തു മണി വരെ മുംബൈയിലെ ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ നഗരത്തിലെ വോട്ടര്‍മാര്‍ മലക്കം മറിഞ്ഞു.

മിക്കവാറും ബൂത്തുകളില്‍ ആളില്ലാത്ത അവസ്ഥക്ക് കാരണമായത് ചുട്ടു പൊള്ളുന്ന വെയിലാണ്. പൊള്ളുന്ന ചൂടില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്ന വോട്ടര്‍മാര്‍ വൈകുന്നേരത്തോടെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

എന്നിരുന്നാലും ചൂടിന്റെ ഒഴിവുകഴിവ് പറഞ്ഞു വോട്ടു ചെയ്യാതിരിക്കരുതെന്നുള്ള നടി റിച്ചാ ചദ്ദയുടെ ട്വീറ്റും സമൂഹ മാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്.

വീട്ടമ്മമാര്‍ അടങ്ങുന്ന വിഭാഗം മിക്കവാറും വൈകീട്ട് 4 മണിയോടെ വോട്ടു ചെയ്യുവാന്‍ എത്തിയേക്കും. പ്രവര്‍ത്തി ദിവസമായതിനാല്‍ രാവിലെ വോട്ടു ചെയ്തു മടങ്ങിയവരെ കൂടാതെ വൈകീട്ട് നേരത്തെ ഓഫീസില്‍ നിന്നിറങ്ങി വോട്ടു ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നവരും 5 മണിയോടെ ബൂത്തുകളെ സജീവമാക്കും.

കൃത്യമായ ബൂത്ത് വിവരങ്ങളും രേഖകളും കൈവശമുണ്ടെങ്കില്‍ പെട്ടെന്ന് വോട്ടു ചെയ്തു മടങ്ങാമെന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ചു സമ്മതിദാന പ്രക്രിയ വേഗത്തിലാക്കിയതും തിരക്ക് കുറക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വോട്ടര്‍ ഐ ഡി കാര്‍ഡ് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും ലഭ്യമാക്കാന്‍ കഴിയാതിരുന്നതും ബൂത്തുകളില്‍ തിരക്കൊഴിയാന്‍ കാരണമായി.

നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍, പ്രിയ ദത്ത് ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഹേമ മാലിനി, രേഖ, ആമിര്‍ഖാന്‍, സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, വിദ്യാ ബാലന്‍, സഞ്ജയ് ദത്ത്, പരേഷ് റാവല്‍ കൂടാതെ ഉദ്ദവ് താക്കറെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാജ് താക്കറെ തുടങ്ങി നിരവധി പ്രമുഖര്‍ രാവിലെ തന്നെ സമ്മതിദാനം നിര്‍വഹിച്ചവരില്‍ പെടും .

മഹാരാഷ്ട്രയിലെ അവസാനഘട്ട വോട്ടെടുപ്പില്‍ ഉച്ചക്ക് 2 മണി വരെയുള്ള വോട്ടിങ് 29.93 % രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വരെയുള്ള വോട്ടെടുപ്പില്‍ കല്യാണിലാണ് ഏറ്റവും കുറവ് വോട്ടിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel