ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. കേരളത്തില്‍ റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ ഐ എ.ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എന്‍ ഐ എ.ഇയാളെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച എന്‍ ഐ എ സംഘം പാലക്കാട് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനിടെയാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ വീട്ടില്‍ നിന്നും ചില തീവ്രവാദ സ്വഭാവമുള്ള രേഖകളും എന്‍ഐഎ കണ്ടെടുത്തിരുന്നു. കൊച്ചിയിലെത്തിച്ച റിയാസിനെ എന്‍ ഐ എ വിശദമായി ചോദ്യം ചെയ്തു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലിനിടെ ഇയാള്‍ എന്‍ ഐ എ ക്ക് മുമ്പാകെ നടത്തിയത്.ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ആരാധകനാണ് താനെന്ന് വ്യക്തമാക്കിയ റിയാസ് കേരളത്തില്‍ ചാവേറാക്രമണത്തിന് താന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി.

റിയാസ് പറഞ്ഞ മറ്റ് കാര്യങ്ങള്‍ ഇങ്ങനെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി താന്‍ സഹ്രാന്റെ പ്രസംഗങ്ങളും മറ്റും ശ്രദ്ധിക്കാറുണ്ട്.

കാസര്‍കോഡ് ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റാഷിദ്, വളപട്ടണം ഐ എസ് കേസില്‍ പ്രതിയായ അബ്ദുള്‍ ഖയൂം എന്നിവരുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാറുണ്ട്.

മാത്രമല്ല ഇവരുടെ തീവ്രവാദ സ്വഭാവമുള്ള ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറുണ്ട്.ഇത്തരത്തില്‍ ഐ എസ് ബന്ധം തെളിഞ്ഞതോടെ റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാളെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.അതേ സമയം ഐ എസ് റിക്രൂട്ട് മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ ഓഫീസില്‍ ഹാജരായ രണ്ട് കാസര്‍കോഡ് സ്വദേശികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here