ഇവിഎമ്മില്‍ അധിക വോട്ട്: കളമശ്ശേരി കി‍ഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിങ്

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ അധിക വോട്ട് കണ്ടെത്തിയ എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിംഗ് നടക്കും. കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

ക‍ഴിഞ്ഞ 23ാം തിയ്യതി നടന്ന തെരഞ്ഞെടുപ്പില്‍ ബൂത്തിൽ പോൾ ചെയ്തതിതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതായി കണ്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്.

മോക്ക് പോളിംഗിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതോടെയാണ് ഇവിഎമ്മിൽ അധിക വോട്ട് കണ്ടെത്തിയത്. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.

ആലുവ തഹസിൽദാറാണ് പ്രിസൈഡിംഗ് ഓഫീസർ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here