ഫുട്‌ബോളിലെ സുവര്‍ണാവസരം; അയാക്‌സിന് മുന്നില്‍ ഇന്ന് ടോട്ടനം

ഫുട്‌ബോളിന്റെ വിസ്മയക്കാഴ്ചയൊരുക്കി ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറിയ ഡച്ച് ടീം അയാക്‌സും ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ ഹാമും കലാശക്കളിയിലേക്കുള്ള ടിക്കറ്റ് തേടി ഇന്ന് ആദ്യപാദ സെമിഫൈനലിലേറ്റുമുട്ടുന്നു.

പ്രവചനങ്ങളെല്ലാം കാറ്റില്‍പറത്തിയവരുടെ ഏറ്റുമുട്ടല്‍ ഇന്നത്തെ രാത്രിയെ ആവേശം കൊള്ളിക്കും. ടോട്ടന്‍ഹാമിന്റെ പുതിയ വേദിയിലാണ് മത്സരം.

ചാമ്പ്യന്‍സ് ലീഗിലെ മുന്‍കാല പ്രതാപികളായിരുന്ന അയാക്‌സ് ഇത്തവണ ജയന്റ് കില്ലേഴ്‌സ് എന്ന വിശേഷണവുമായാണ് സെമിയിലെത്തുന്നത്.

സ്വപ്ന തുല്യമായ പടയോട്ടത്തിലൂടെ ഡച്ച് ടീം പ്രാഥമികലീഗില്‍ ബയേണ്‍ മ്യൂണിച്ച്, പ്രീ ക്വാര്‍ട്ടറില്‍ ഹാട്രിക് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് എന്നീ വമ്പന്‍ ടീമുകളെ തകര്‍ത്താണ് അവസാന നാലിലെത്തിയത്.

കരുത്തര്‍ക്കതെതിരെ നേടിയ ആധികാരിക വിജയം തന്നെയാണ് സെമിയിലും അയാക്‌സിനെ ഫേവറിറ്റുകളാക്കുന്നത്. സീസണില്‍ ഇതുവരെ 31 ഗോളുകള്‍ നേടിയ ദുസാന്‍ ടാഡിക്കിലാണ് ടീമിന്റെ പ്രതീക്ഷ.
1961-62ല്‍ മാത്രം ചാമ്പ്യന്‍സ് ലീഗ് സെമയിലെത്തിയ ടോട്ടനത്തിന് ഇത്തവണ സുവര്‍ണാവസരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ക്വാര്‍ട്ടറില്‍ ഷോക്കടിപ്പിച്ചത് ടോട്ടനത്തിന് ആത്മവിശ്വാസം പകരും.

മികച്ച ഫോമിലുള്ള സണ്‍ ഹ്യൂങ് മിന്നിന്റെ സസ്‌പെന്‍ഷന്‍ ടീമിന് തിരിച്ചടിയാണ്. സൂപ്പര്‍ താരം ഹാരി കെയ്ന്‍, സെര്‍ജി ഔറിയര്‍, ഹാരി വിങ്ക്‌സ് എന്നിവരുടെ പരുക്ക് കാരണം നേരത്തേതന്നെ അലങ്കോലമായ ടീമിന് മിന്നിന്റെ സസ്‌പെന്‍ഷന്‍ കൂടിയായതോടെ ഇരട്ട ആഘാതമായി.

മൂര്‍ച്ച കുറഞ്ഞതോടെ, പ്രതിരോധം കനപ്പിച്ച് എതിരാളികളുടെ എവേ ഗോള്‍ തടയാനാവും ടോട്ടന്‍ഹാമിന്റെ ശ്രമം. അതിന് ഡാനി റോസ്- ക്രിസ്റ്റിയന്‍എറിക്‌സണ്‍-ഡെലി അലി- ലൂക്കാസ് മൗറ എന്നിവരടങ്ങുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്.

രണ്ടാം സെമിയില്‍ നാളെ രാത്രി ബാഴ്‌സലോണയും ലിവര്‍പൂളും മാറ്റുരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here