ബംഗളൂരു ഐപിഎല്‍ 12ാം സീസണില്‍ ഇന്ന് സൺറൈസേഴ‌്സ‌് ഹൈദരബാദും മുംബൈ ഇന്ത്യൻസും തമ്മിലാണ‌് കളി. ഇരുടീമുകൾക്കും മത്സരം നിർണായകമാണ്. നിലവില്‍ പോയിന്റ‌് പട്ടികയിൽ മൂന്നാമതാണ‌് മുംബൈ. 12 കളിയിൽ 14 പോയിന്റ‌്. ഹൈദരാബാദ‌് നാലാമതാണ‌്. 12 പോയിന്റ‌്.

മുംബൈക്ക‌് പ്ലേ ഓഫ‌് ഉറപ്പാക്കാൻ ഒരു ജയം മതി. തോറ്റാലും സാധ്യത ശേഷിക്കുന്നുണ്ട്. എന്നാല്‍ ഹൈദരാബാദിന‌് തോറ്റാൽ സാധ്യത മങ്ങും.ഡേവിഡ‌് വാർണറുടെ അഭാവം ഹൈദരാബാദിന്‍റെ പ്രകടനത്തെ ബാധിക്കാനാണ‌് സാധ്യത.

കഴിഞ്ഞ 12 മത്സരങ്ങളിലും വാർണറുടെ മികവാണ‌് ഹൈദരാബാദ‌് ബാറ്റിങ‌് നിരയെ തുണച്ചത‌്. ആദ്യ മത്സരങ്ങളിൽ ജോണി ബെയർസ‌്റ്റോയും വാർണറും ചേർന്ന‌് ഹൈദരാബാദിന‌് ഉശിരൻ തുടക്കം നൽകിയിരുന്നു.

ബെയർസ‌്റ്റോ ഇടയ‌്ക്ക‌് ഇംഗ്ലണ്ടിലേക്ക‌് മടങ്ങിയതിനെ തുടർന്ന‌് ഒറ്റയ‌്ക്കാണ‌് വാർണർ ഹൈദരാബാദ‌് ബാറ്റിങ‌് നിരയെ നയിച്ചത‌്. മറ്റാരും ടീമിൽ സ്ഥിരത കാട്ടുന്നില്ല എന്നതും ടീമിന് തലവേദനയാണ് ബൗളർമാരിലാണ‌് ടീമിന്‍റെ പ്രതീക്ഷ.

മുംബെ അവസാന കളിയിൽ കൊൽക്കത്ത നൈറ്റ‌് റൈഡേഴ‌്സിനോട‌് തോറ്റു. പ്ലേ ഓഫിലെ ശേഷിക്കുന്ന രണ്ട‌് സ്ഥാനങ്ങൾക്കായി മുംബൈ, ഹൈദരാബാദ‌് ടീമുകൾക്കൊപ്പം കി‌ങ‌്സ‌് ഇലവൻ പഞ്ചാബ‌്, രാജസ്ഥാൻ റോയൽസ‌് ടീമുകളും രംഗത്തുണ്ട‌്.