തേടിപ്പിടിക്കാനുള്ള തന്റേടമുണ്ടെങ്കില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. അത്തരത്തിലൊരുത്തരം സ്വന്തം ജീവിതംകൊണ്ട് വരച്ചിടുകയാണ് സജ്‌ന കെപി എന്ന സച്ചു.

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ശേഷം സജ്‌ന എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിലിന്ന് സജീവ ചര്‍ച്ചയാണ്.

ഒറ്റപ്പെടുത്തലുകളെയും കുറപ്പെടുത്തലുകളേയും അതിജീവിച്ച് നേടിയ വിജയം ആ മുഖത്തെ ചിരിയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം വേണ്ടെന്നുവച്ച് പഠനം തുടങ്ങാനിറങ്ങിപ്പുറപ്പെടുമ്പോള്‍ അവളുടെ മനസിലൊരു ലക്ഷ്യമുണ്ടായിരുന്നു. വീണുപോയാലുമെഴുന്നേറ്റാടാന്‍ പ്രേരിപ്പിക്കുന്ന ഒന്നിലേറെ ചോദ്യങ്ങളും.

അതിനെല്ലാമുള്ള ഉത്തരമായിരുന്നു പിഎച്ച്ഡി സ്വീകരിച്ച ശേഷം ആ മുഖത്ത് കണ്ട ചിരി. ഓളെ പഠിപ്പിച്ചിട്ട് എന്താക്കാനാണെന്ന് പണ്ടുമുതല്‍ ചോദിച്ചോണ്ടിരുന്നവരോട് ഇന്നും അതേ ചോദ്യമുന്നയിക്കുന്നവരോട് സച്ചുവിന്റെ ഉപ്പയും ഉമ്മയും ഇന്നുറക്കെ തന്നെ പറയുന്നു ഓളെ പഠിപ്പിച്ചതാണ് ശരിയെന്ന്.

ഒതുങ്ങിയിരുന്ന് പഠിച്ച് നേടിയതല്ല ഈ വിജയമെന്ന് വായിക്കുമ്പോഴാണ് ഈ നേട്ടം ഏറെ മധുരമാവുന്നത്. സര്‍വകലാശാല വിദ്യാഭ്യാസ കാലഘട്ടത്തില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകയായി സജീവ സംഘടനാ പ്രവര്‍ത്തകയുമായിരുന്നു സച്ചു.

തീരുമാനങ്ങളില്‍ ഒപ്പം നിന്ന ഉപ്പയോടും ഉമ്മയോടും ലക്ഷ്യത്തിലേക്കെത്താന്‍ വഴിവിളക്കായ അധ്യാപകര്‍ക്കും സൗഹൃദങ്ങള്‍ക്കും വീഴ്ചകളില്‍ താങ്ങായ സഖാക്കള്‍ കരുത്ത് തന്ന ആ പതാകയ്ക്ക്, വീണുപോയെന്ന് തോന്നുമ്പോഴും എഴുന്നേറ്റോടണമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചവരോട് എല്ലാവരോടും സച്ചുവിന് പറയാനുള്ളത് നന്ദി മാത്രം സച്ചുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം