ചാമ്പ്യന്‍സ് ലീഗ് കിരീടം ഈ വര്‍ഷമില്ലെങ്കിലും ലീഗ് സെമിഫൈനല്‍ ദിവസങ്ങളില്‍ യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്തകളില്‍ നിറയുന്നു.

ലോകത്ത് നിര്‍മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും വിലയേറിയ കാര്‍ ബുഗാട്ടി ലാ വൊച്യൂര്‍ നോറെ സ്വന്തമാക്കിയാണ് ക്രിസ്റ്റ്യോനോ വാര്‍ത്തകളിലിടം നേടിയത്. ബുഗാട്ടിയുടെ ഈ അപൂര്‍വ കാറിന് 132 കോടി രൂപയാണ് വിലയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിലയെക്കുറിച്ച് ബുഗാട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യുവന്റസ് താരം ബുഗാട്ടി ലാ വൊച്യൂര്‍ നോറെ സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവിട്ടത് സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാഴ്‌സയാണ്. അത്യാഡംബര പൂര്‍ണമായ ഈ കാര്‍ റൊണാള്‍ഡോ സ്വന്തമാക്കിയെങ്കിലും ഇത് ഓടിക്കുവാന്‍ 2021 വരെ അദ്ദേഹത്തിന് കാത്തിരിക്കണം. കാറിന്റെ പ്രോട്ടോടൈപ്പില്‍ ചില മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണിത്.

ലോകത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയ കാറാണിത്. ഈ കാറിന് മോഡല്‍ ഒന്നു മാത്രം. അതുകൊണ്ട് തന്നെ ഇതേ മോഡല്‍ കാര്‍ വാങ്ങണമെന്ന് ആരെങ്കിലും വിചാരിച്ചാലും പ്രയാസമാണ്. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും ഫെര്‍ഡിനാന്റ് പോര്‍ഷെയുടെ കൊച്ചുമകനുമായ ഫെര്‍ഡിനാന്‍ഡ് പീച്ച് ലാ വൊച്യൂര്‍ നോറെ വാങ്ങിയെന്ന് നേരത്തെ സ്ഥീരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.

ബുഗാട്ടിയുടെ 110-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ലാ വൊച്യൂര്‍ നോറെ പുറത്തിറക്കിയത്. 1936-നും 1938-നും ഇടയില്‍ ബുഗാട്ടി നിര്‍മിച്ച അതിപ്രശസ്ത മോഡലായ 57എസി അറ്റ്‌ലാന്റിക്കിന്റെ പരിഷ്‌ക്കരിച്ച രൂപമാറ്റമാണ് ലാ വൊച്യൂര്‍ നോറെ. മാര്‍ച്ചില്‍ ജെനീവ മോട്ടോര്‍ ഷോയിലായിരുന്നു ലാ വൊച്യൂര്‍ നോറ പുറത്തിറക്കിയത്. 57എസി അറ്റ്‌ലാന്റിക്കിന്റെ മോഡലില്‍ വെറും നാലു കാറുകള്‍ മാത്രമാണ് ബുഗാട്ടി നിര്‍മിച്ചത്.

ഫുട്‌ബോള്‍ ലോകത്തെ വിലയേറിയ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആഡംബര വാഹനങ്ങളുടെ അതിവിശാലമായ ശേഖരം സ്വന്തമായുണ്ട്. കഴിഞ്ഞ വര്‍ഷം ബുഗാട്ടി ഷിറോണ്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ബുഗാട്ടി വെറോണ്‍, മെഴ്‌സിഡസ് സി ക്ലാസ് സ്‌പോട്ട് കൂപ്പെ, റോള്‍സ് റോയ്‌സ് ഫാന്റം, ഫെറാരി 599 ജിറ്റിഒ, ലംബോര്‍ഗിനി അവന്റൊഡോര്‍ എല്‍പി700-4, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി9, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിസി സ്പീഡ് എന്നീ കാറുകള്‍ റൊണാള്‍ഡോയുടെ കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

 

 

കാര്‍ യാത്രയ്ക്കിടെ റൊണാള്‍ഡോയും കുടുംബവും പാടുന്നതിന്റെ വീഡിയോ കാണാം..