ത്രിപുരയില്‍ വോട്ടിംഗ് മാറ്റി വയ്ക്കാന്‍ നിര്‍ദേശിച്ച റിട്ടേണിങ്ങ് ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി; നടപടിക്കെതിരെ സിപിഐഎം പരാതി നല്‍കി

ദില്ലി: രാഷ്ട്രീയ ആക്രമണങ്ങളെ തുടര്‍ന്ന് ത്രിപുര ഈസ്റ്റിലെ വോട്ടിങ്ങ് മാറ്റി വയ്ക്കാന്‍ നിര്‍ദേശിച്ച റിട്ടേണിങ്ങ് ഓഫീസറെ ത്രിപുര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി. സ്വതന്ത്രവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തിയതിന് പിന്നാലെയാണ് റിട്ടേണിങ്ങ് ഓഫീസറെ മാറ്റിയത്. ഇതിനെതിരെ സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ മാത്രമുള്ള ത്രിപുരയില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 11ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ത്രിപുര വെസ്റ്റില്‍ വ്യാപകമായി ബൂത്ത് പിടിത്തവും കള്ളവോട്ടും നടന്നുവെന്നാണ് റിപ്പോര്‍ട്ട്. നാനൂറിലേറെ ബൂത്തുകള്‍ ഭരണകക്ഷിയായ പാര്‍ടി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു.

നിരവധി പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങളും നടന്നു. ഇതേ തുടര്‍ന്ന് രണ്ടാം ഘട്ടമായി ഏപ്രില്‍ 18ന് തിരഞ്ഞെടുപ്പ് നടക്കേണ്ട ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസര്‍ മാറ്റി വച്ചു. ആദ്യ ഘട്ടത്തിന് സമാനമായി വ്യാപക അക്രമങ്ങള്‍ രണ്ടാം ഘട്ടത്തിലും നടക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു റിട്ടേണിങ്ങ് ഓഫീസര്‍ വികാസ് സിങ്ങിന്റെ നടപടി. ആവിശ്യമായ സുരക്ഷ ഒരുക്കി ഏപ്രില്‍ 23ന് സ്വതന്ത്രവും സുതാര്യമായ തിരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസര്‍ വികാസ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്നു.

ഇതിന് പിന്നാലെ ഇന്നലെ അര്‍ദ്ധരാത്രിയോടെ വികാസ് സിങ്ങിനെ റിട്ടേണിങ്ങ് ഓഫീസര്‍ തസ്തികയില്‍ നിന്നും ദുരൂഹമായി നീക്കി. വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതടക്കമുള്ള നിര്‍ണ്ണായക കാര്യങ്ങള്‍ നടക്കാനിരിക്കെയാണ് റിട്ടേണിങ്ങ് ഓഫീസറെ മാറ്റിയത്.

സിപിഐഎം ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ത്രിപുര ഈസ്റ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ജിതേന്ദ്ര ചൗധരി നേരിട്ടെത്തി കമ്മീഷനെ കണ്ടു.

എത്രയും വേഗം വികാസ് സിങ്ങിനെ റിട്ടേണിങ്ങ് ഓഫീസര്‍ തസ്തികയില്‍ പുനര്‍ നിയമ്മിക്കണമെന്ന് സിപിഐം ആവശ്യപ്പെട്ടു.

അതേസമയം, ഭരണകക്ഷിയ്ക്ക് ബൂത്ത് പിടിത്തതിന് സഹായമായ നടപടി സ്വീകരിച്ച ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News