അഞ്ചാം ഘട്ടത്തിന് അഞ്ച് ദിവസം മാത്രം; പ്രചാരണം അന്തിമഘട്ടത്തിലേക്ക്

ദില്ലി: അഞ്ചാം ഘട്ട വോട്ടെടുപ്പിന് ഇനി അഞ്ച് ദിവസം മാത്രം. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേയ്ക്കുള്ള പ്രചാരണം അന്തിമഘട്ടത്തിലെയ്ക്ക് കടക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ലോക്സഭ മണ്ഡലമായ ജമ്മു കാശ്മീരിലെ ലഡാക്കും അഞ്ചാം ഘട്ടത്തിലാണ് പോളിങ്ങ് ബൂത്തിലെത്തുന്നത്.

ഇന്ത്യ പാക്ക് അതിര്‍ത്തിയിലെ നിര്‍ണ്ണായക മണ്ഡലത്തില്‍ ആദ്യമായി നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിറുത്തിയിരിക്കുന്നു.

ഇന്ത്യാ-പാക്ക് സംഘര്‍ഷ സമയത്ത് വാര്‍ത്തകളില്‍ നിറയുന്ന ലഡാക്ക് തിരഞ്ഞെടുപ്പ് ചൂടിലാണ്. ലഡാക്ക് കൂടി അഞ്ചാം ഘട്ടത്തില്‍ വോട്ട് ചെയ്യുന്നതോടെ ജമ്മു കാശ്മീരിലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പ്രക്രിയ പൂര്‍ത്തിയാകും. രാജ്യത്തെ മറ്റൊരു ലോക്സഭ മണ്ഡലത്തിനും അവകാശപ്പെടാനില്ലാത്ത ഏറെ പ്രത്യേകതയുള്ള മണ്ഡലം കൂടിയാണ് ലഡാക്ക്.

ഭൂപ്രകൃതി അനുസരിച്ച് 1.73 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്ള ലഡാക്ക് രാജ്യത്തെ ഏറ്റവും ലോക്സഭ മണ്ഡലം. അതേ സമയം വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ മൂന്ന് ലോക്സഭ മണ്ഡലങ്ങളിലൊന്ന്. വോട്ടര്‍മാരുടെ എണ്ണം വെറും 1.71 ലക്ഷം മാത്രം. വര്‍ഷം മുഴുവന്‍ മഞ്ഞ് മൂടി കിടക്കുന്ന ലഡാക്കില്‍ ഇത്തവണ പതിവ് രീതിയില്‍ നിന്നും മാറി പ്രചാരണം തീപാറുന്നു.

2014ല്‍ വെറും 36 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച മണ്ഡലത്തില്‍ പ്രദേശത്തെ ഹില്‍ ഡവലപ്പ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.അതേ കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാനെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയാക്കി.ഇരുവര്‍ക്കും ഭീഷണി ഉയര്‍ത്തി ബദ്ധവൈരികളായ ഒമര്‍ അബ്ദുളയും മെഹബൂബ മുഫ്ത്തിയും സംയുക്ത സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചു.

മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രിയത്തിലേയ്ക്ക് എത്തിയ സജാദ് ഹൂസൈനാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് റിബലായി അസ്‌കര്‍ കര്‍ബലായി എന്ന മുതിര്‍ന്ന നേതാവും രംഗത്ത് എത്തിയതോടെ ഫലം പ്രവചനാതീതം. കാര്‍ഗില്‍, ലേ എന്നീ രണ്ട് ജില്ലകളിലായി പടര്‍ന്ന് കിടക്കുന്ന ലഡാക്കില്‍ രണ്ട് വ്യത്യസ്ഥ മതങ്ങളുടെ ഏറ്റ് മുട്ടലാണ് സംഭവിക്കാറുള്ളതെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് കാര്‍ഗില്‍. ലെയില്‍ ബുദ്ധ വിശ്വാസികള്‍ക്ക് ഭൂരിപക്ഷം.

ഇരുവരുടേയും വോട്ടര്‍മാരുടെ എണ്ണവും ഏതാണ്ട് ഒരു പോലെ. കോണ്‍ഗ്രസും, ബിജെപിയും ഇത്തവണ ലെ യിലെ ബുദ്ധമതത്തില്‍ നിന്നുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയതെങ്കില്‍ എന്‍.സി-പിഡിപി സഖ്യ സ്ഥാനാര്‍ത്ഥിയും കോണ്ഗ്രസും റിബലും കാര്‍ഗിലില്‍ നിന്നുമുള്ള മുസ്ലീം വിഭാഗക്കാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.

പുല്‍വാമ സ്ഫോടനവും കേന്ദ്ര സര്‍ക്കാരിന്റെ കാശ്മീര്‍ നയവും പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ ബിജെപി വലിയ പ്രതീക്ഷ വയ്ക്കേണ്ടതില്ലന്നാണ് അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News