കര്‍ദ്ധിനാളിനെതിരെ ഫാദര്‍ പോള്‍ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച വൈദികന് കാരണം കാണിക്കല്‍ നോട്ടീസ്

കര്‍ദ്ധിനാളിനെതിരെ ഫാദര്‍ പോള്‍ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച വൈദികന് കാരണം കാണിക്കല്‍ നോട്ടീസ്. മുന്‍ വൈദിക സമിതി അംഗമായ ഫാദര്‍ ആന്റണി പുതുവേലിലിനാണ് വൈദിക സമിതി യോഗത്തിന്റെ തീരുമാനപ്രകാരം ഫാദര്‍ ജേക്കബ് മനത്തോട്ടത്ത് നോട്ടീസ് അയച്ചത്.

കൊച്ചിയില്‍ ചേര്‍ന്ന എറണാകുളംഅങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതി യോഗമാണ് നടപടി ആവശ്യപ്പെട്ടത്.

സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരി ക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചത് ഫാദര്‍ പോള്‍ തേലക്കാട്ട് ഉള്‍പ്പെട്ട 15 വൈദികര്‍ ചേര്‍ന്നാണെന്നായിരുന്നു ഫാദര്‍ ആന്റണി പുതുവേലില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇതിനായി പത്തുലക്ഷത്തിലധികം രൂപ ചെലവഴിച്ചതായി മറ്റൊരു വൈദികന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. എന്നാല്‍ ഇത് ഇത് വസ്തുതാ വിരുദ്ധമാണെന്നും തെളിവുകളില്ലാതെ ആരോപണമുന്നയിച്ച വൈദികനെതിരെ നടപടി വേണമെന്നും വൈദിക സമിതി യോഗം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് വൈദിക സമിതിയുടെ നിര്‍ദ്ദേശപ്രകാരം അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഭൂമിയിടപാട് വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് വൈദികരെ സിനഡ് വിലക്കിയിരുന്നതായും എന്നാല്‍ ആന്റണി പുതുവേലില്‍ ഇത് ലംഘിച്ചതായും നോട്ടീസില്‍ പറയുന്നു. നോട്ടീസിന് മറുപടി നല്‍കാന്‍ പുതുവേലിലിന് ഒരാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പോള്‍ തേലക്കാട്ട് ഉള്‍പ്പെടെയുള്ളവര്‍ തെറ്റുകാര്‍ അല്ലെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ഫാദര്‍ ആന്റണി പൂതവേലില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News