ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. അതുകൊണ്ട് തീപാറും മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സീസണില്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. കൂറ്റനടി വീരന്‍ റസ്സല്‍ ആയിരുന്നു അവരുടെ തുറുപ്പുചീട്ട്. പക്ഷേ ഇത് നിലനിര്‍ത്താന്‍ കഴിയാത്തത് ആണ് ടീമിന് വിനയായത്. റസ്സലിനെ അമിതമായി ആശ്രയിച്ചതും തിരിച്ചടിയായി. കഴിഞ്ഞ കളിയില്‍ മുംബൈയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത.

അവസാന മത്സരത്തില്‍ ഹൈദരബാദിനോട് തോറ്റാണ് പഞ്ചാബിന്റെ വരവ്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ സ്ഥിരത പുലര്‍ത്തുന്നുവെങ്കിലും അതിവേഗം റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നുണ്ട്. ഫോമില്‍ ആണെങ്കിലും ക്രിസ് ഗെയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങാത്തത് ടീമിന് തലവേദനയാകുന്നു.

കടലാസ് കണക്കില്‍ കൊല്‍ക്കത്തക്ക് ആണ് മേല്‍കൈ. 24 തവണ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ 16 തവണ വിജയം കൊല്‍ക്കത്തക്കൊപ്പം നിന്നു. മൊഹാലിയില്‍ രാത്രി എട്ടു മണി മുതല്‍ ആണ് മത്സരം.