കൊല്ലത്ത് പോര്‍ട്ട് ഇടവകയുടെ കീഴില്‍ ഏഴാംസ്ഥലത്തുള്ള കുരിശടിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മാനസിക വിഭ്രാന്ത്രിയുള്ള തമിഴ്‌നാട് സ്വദേശി പിടിയില്‍

കൊല്ലം:  കൊല്ലത്ത് പോര്‍ട്ട് ഇടവകയുടെ കീഴില്‍ ഏഴാംസ്ഥലത്തുള്ള കുരിശടിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മാനസിക വിഭ്രാന്ത്രിയുള്ള തമിഴ്‌നാട് സ്വദേശി പിടിയില്‍.

കുരിശടിയില്‍ നിന്ന് ലഭിച്ച വിരലടയാളം ശാസ്ത്രീയമായി പരിശോധിച്ചാണ് മറ്റൊരു കേസില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു. കുരിശടിക്ക് ഉള്ളിലുണ്ടായിരുന്ന രൂപങ്ങളും കുരിശും ബൈബിളും പുറത്തേക്ക് മാറ്റിവച്ച നിലയിലായിരുന്നു.

പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോര്‍ഡും ബള്‍ബുകളും നശിപ്പിച്ചു. വിവിധ മതത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് ശേഷം വിശ്രമിക്കുന്നത് കുരിശടിക്ക് മുന്നിലെ മണല്‍പ്പരപ്പിലാണ്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ മഴയായതിനാല്‍ ഇവിടം വിജനമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വിശ്വാസികളെത്തിയപ്പോഴാണ് രൂപങ്ങളും കുരിശും പുറത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇടവക ഭാരവാഹികളും പള്ളിത്തോട്ടം പൊലീസും ജനപ്രതിനിധികളും ഇടപെട്ട് വിശ്വാസികളെ അനുനയിപ്പിച്ചാണ് പ്രതിഷേധം ശമിപ്പിച്ചത്. സാഹചര്യത്തെളിവുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു.

ഇതിനിടയിലാണ് ഇന്നലെ രാവിലെ ആറോടെ തങ്കശ്ശേരി കാവലില്‍ അക്രമം കാട്ടിയ തമിഴ്‌നാട് സ്വദേശി വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. റോഡ് വക്കിലെ പൊതുടാപ്പും കൊടിമരങ്ങളും കേബിള്‍ ടി വി ശൃംഖലയുടെ ബോക്‌സുകളും തകര്‍ത്ത ഇയാള്‍ തൊട്ടടുത്ത പമ്പിലേക്ക് കയറി കുടിവെള്ള ടാങ്കും തകര്‍ത്തു. ഇതോടെ ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ചപ്പോള്‍ തന്നെ കുരിശടി ആക്രമിച്ചത് ഇയാളാണെന്ന് പൊലീസിന് സംശയം തോന്നി. മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയ പ്രതിയെ പൊലീസ് നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിരലടയാളം ശേഖരിച്ച് കുരിശടിയില്‍ നിന്ന് ലഭിച്ചതുമായി താരതമ്യം ചെയ്തപ്പോള്‍ സമാനമായിരുന്നു. മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പലതവണ ചോദിച്ചെങ്കിലും പ്രതി പേര് പറഞ്ഞില്ല. സ്വദേശം തഞ്ചാവൂരെന്ന് മാത്രമാണ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News